ദിലീപിന്‍റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു

ദിലീപിന്‍റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി;  ഫോണുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു
 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ (Dileep) വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധന അവസാനിച്ചു. ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ഹാർഡ് ഡിസ്കകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ദിലീപിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

രാവിലെ 11:30-ഓടെ ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിലെത്തിയ അന്വേഷണസംഘമാണ് അൽപസമയം മുമ്പ് റെയ്ഡ് പൂർത്തിയാക്കിയത്. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് മണിക്കൂറുകൾ നീണ്ട പരിശോധന നടത്തി. കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ ഭാഗത്ത് നിന്നും ദിലീപുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ, ആർക്കൊക്കെയാണ് ഈ പണം പോയിട്ടുള്ളത്, എന്തൊക്കെ ആവശ്യങ്ങൾക്കാണ് പണം പോയിട്ടുള്ളത് എന്നതടക്കം പരിശോധിക്കാൻ വേണ്ടി ബില്ലുകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
 
ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടന്നു. എന്നാൽ തോക്ക് കണ്ടെടുക്കാൻ സാധിച്ചിട്ടില്ലെന്നാണ് നിലവിൽ ലഭിച്ച വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തി. 

നടന്‍ ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന ഗൂഢാലോചനാ കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.
 
ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിനു മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടില്‍ പരിശോധന നടത്തിയത്.


അന്വേഷണസംഘത്തെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഒരു കാരണവശാലും ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം കോടതിയിൽ വാദിക്കും. ഇതിനായുള്ള തെളിവുകൾ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.