തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു

hdt
 

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറി. എയർപോർട്ട് പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരും. പുലർച്ചെ 12 മണിക്ക് രാജ്യാന്തര ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് ഡയറക്ടറർ സി വി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവൂ ചുമതലയേറ്റെടുത്തു. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും നടത്തിപ്പ്.

എയർപോർട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് കൈമാറ്റം സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന പേര് മാറ്റേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. എയർപോർട്ട് അതോറിറ്റി ജീവനക്കാരുടെ പങ്കാളിത്തത്തോടെയാകും വിമാനത്താവളത്തിന്റെ പ്രവർത്തനമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് മൂന്ന് വർഷം ഇവിടെ തന്നെ തുടരാം. 300 ജീവനക്കാരാണ് വിമാനത്താവളത്തിൽ ഉള്ളത്. അതിന് ശേഷം ഇവർ എയർപോർട്ടിന്റെ ഭാഗമാകുകയോ എയർപോർട്ട് അതോറിറ്റിയുടെ മറ്റേതെങ്കിലും വിമാനത്താവളത്തിലേക്ക് മാറുകയോ ചെയ്യണം.