ദത്ത് വിവാദം; ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് കുടുംബ കോടതി

anupama

തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ വിമര്‍ശിച്ച് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിൻ്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസന്‍സില്‍ വ്യക്തത വേണമെന്നും കോടതി അറിയിച്ചു.

എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കേസിൽ വിശദമായ വാദം കേൾക്കാൻ കോടതി കേസ് മാറ്റി.

അതേസമയം, കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൂന്ന് പോലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കേരളത്തില്‍ നിന്ന് ഉദ്യോഗസ്ഥ സംഘമെത്തുന്ന വിവരം നേരത്തെ തന്നെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളെ അറിയിച്ചിരുന്നു. ഇന്ന് തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ കുഞ്ഞിനെയും കൊണ്ട് ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തും.

കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തും. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല.