മുന്‍കൂട്ടി പണമടച്ച്‌ മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കും; തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

bewera


തിരുവനന്തപുരം: മദ്യവില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. മുന്‍കൂട്ടി മദ്യത്തിന്റെ തുക അടച്ച് കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യവില്‍പന സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്ന വലിയ ക്യൂ വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനായാണ് ബിവറേജസ് ഔട്ട്ലെറ്റുകളില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുന്നത്. മുന്‍കൂട്ടി തുക അടച്ച് പെട്ടെന്ന് മദ്യം കൊടുക്കാന്‍ പാകത്തിലായിരിക്കും കൗണ്ടര്‍, മുഖ്യമന്ത്രി പറഞ്ഞു.

തിരക്കുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. ഇപ്പോഴുള്ള തിരക്ക് ഒഴിവാക്കുന്നതിന് മറ്റ് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ദ്ധിക്കുന്നതിനെ ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു വേള മദ്യശാലകള്‍ക്ക് മുന്നില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹെെക്കോടതി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.