കവരത്തി : ബയോ വെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ആയിഷാ സുല്‍ത്താനയ്ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു. കവരത്തി പൊലീസാണ് അയിഷ സുല്‍ത്താനയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കേസ്. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അയിഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് അടിസ്ഥാനം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ബയോവെപ്പൺ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ബിജെപി അയിഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകിയത്.
നേരത്തെ തന്നെ ബി.ജെ.പിക്കാര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണവുമായി അയിഷ സുല്‍ത്താന രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ബയോവെപ്പണ്‍ ‘ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അയിഷ പറഞ്ഞിരുന്നു. ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കിരുന്നു.
Comments