അലനും താഹയും മാവോയിസ്റ്റ് സ്വാധീന വലയത്തില്‍ പെട്ടിരുന്നു; പാര്‍ട്ടിക്ക് തെളിവുവുണ്ടെന്ന് സിപിഎം

പി.മോഹനന്‍
 

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട അലനും താഹയും മാവോയിസ്റ്റ് സ്വാധീന വലയത്തില്‍ പെട്ടിരുന്നുവെന്ന നിലപാടില്‍ മാറ്റം വരുത്താതെ സി.പി.എം. തെളിവില്ലെന്ന് പറഞ്ഞ് കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചുവെങ്കിലും പാര്‍ട്ടി അന്വേഷണത്തില്‍ അവര്‍ മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടിരുന്നുവെന്നതിന് തെളിഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരേ നടപടിയെടുത്തതെന്നും കോഴിക്കോട്  ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. 

എന്നാല്‍ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പൊലിസിനും ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. നേതാക്കൾ ചൂണ്ടിക്കാട്ടുന്ന ന്യായമായ ആവശ്യം പോലും പൊലിസ്  തള്ളുകയാണെന്ന് പ്രതിനിധികൾ പറഞ്ഞു. യുഎപിഎ കേസുകളിൽ ദേശീയ നയമല്ല കേരളത്തിലേത്. അലൻ താഹ കേസിൽ എന്ത് തെളിവാണുള്ളതെന്ന് കോഴിക്കോട് നഗരത്തിൽ നിന്നുള്ള പ്രതിനിധി ചോദിച്ചു.  

ചൊവ്വാഴ്ച വൈകീട്ടാണ് ഈ പൊതു ചര്‍ച്ചയ്ക്ക്  ജില്ലാ സെക്രട്ടറി മറുപടി പറയേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായിട്ടാണ് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞത്.