ആലപ്പുഴയിൽ വഴിത്തർക്കത്തിനിടെ കൊലപാതകം; രണ്ട് പേർ പിടിയിൽ

sde
 

ആലപ്പുഴ: മാവേലിക്കരയിൽ വഴിത്തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാരുംമൂട് ചുനക്കര പാണംപറമ്പിൽ ദിലീപ് ഖാൻ (45) ആണ് മരിച്ചത്.  

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ യാക്കൂബ്, സുബൈദ എന്നിവരെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് വൈകിട്ടായിരുന്നു സംഭവം. വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. കൊല്ലപ്പെട്ട ദിലീപ് ഖാനും കസ്റ്റഡിയിലുള്ള യാക്കൂബും സുബൈദയും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കം നിലനിന്നിരുന്നു. ഇന്ന് ദിലീപ് ഖാൻ്റെ വഴിയിലൂടെ യാക്കൂബിൻ്റെയും സുബൈദയുടെയും ആവശ്യത്തിനായി ഒരു ഓട്ടോറിക്ഷ എത്തി. ഓട്ടോ തൻ്റെ വഴിയിലൂടെ സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന് ദിലീപ് ഖാൻ നിലപാടെടുത്തു. ഇതോടെ മൂവരും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കത്തിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. 

കുഴഞ്ഞു വീണ ദിലീപ് ഖാൻ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ദിലീപ് ഖാൻ.
 

സുബൈദയും യാക്കൂബും ചേർന്ന് ദിലീപ് ഖാനെ കല്ലുപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദിലീപ് ഖാൻ്റെ ബന്ധുക്കൾ മൊഴിനൽകിയിരിക്കുന്നത്.

ദിലീപ് ഖാന്‍റെ മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.