നെൽവയൽ നിയമം കാറ്റിൽ പറത്തി പാടശേഖരസമിതി സെക്രട്ടറി; രണ്ട് ഏക്കർ കൃഷി ഭൂമി നികത്തിയതായി പരാതി

Allegations against Padashekhara Samithi  Secretary

ചെങ്ങന്നൂർ: നെൽവയൽ നിയമം കാറ്റിൽ പറത്തി പാടശേഖരസമിതി സെക്രട്ടറി. ഏകദേശം രണ്ട് ഏക്കർ വരുന്ന കൃഷി ഭൂമി നികത്തി പാടശേഖരസമിതി സെക്രട്ടറി റബ്ബർ വച്ചിരിക്കുകയാണെന്ന് പ്രദേശവാസികൾ ആരോപിച്ചു.

കൃഷി ഭൂമി നികത്തുന്നത് നിയമപരമായി തെറ്റാണെന്നു അറിഞ്ഞുകൊണ്ടുതന്നെ സ്ഥലം രൂപാന്തരപെടുത്തി വസ്തു ആക്കുവാൻ ഉള്ള ശ്രമം നടന്നു വരുന്നു. ഏകദേശം രണ്ട് ഏക്കർ ഭൂമിയാണ് ഈ രീതിയിൽ നികത്തി എടുത്തിരിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പരാതി നൽകുമെന്ന് പ്രദേശവാസികൾ അറിയിച്ചു.

2013-2014 കാലഘട്ടത്തിൽ ഇടനാട് പടശേഖരത്തു കൃഷി ചെയ്ത കർഷകർക്കു ലഭിക്കേണ്ട സബ്‌സിഡി തുക ആയ 50000 രൂപ പാടശേഖര സമിതി യാതൊരു തീരുമാനവുമില്ലാതെ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതായി കർഷകർ വെളിപ്പെടുത്തി . കൈനകരി സ്വദേശി ശ്രീജിത്ത്‌ ആണ് അന്ന് കൃഷി ചെയ്തത്. അതിനു ശേഷം പാടശേഖര സമിതിയുടെ പിടിപ്പുകേട് കാരണം കൃഷി മുടങ്ങുകയും പിന്നീട് കഴിഞ്ഞ വർഷം സമൃദ്ധി പദ്ധതിയിൽ ഗവൺമെൻറ് ഉൾപ്പെടുത്തി കൃഷി ചെയ്തപ്പോൾ പോലും പാടശേഖര സമിതി ഒന്നും തന്നെ ചെയ്തില്ല എന്നും ആരോപണമുണ്ട്. 

അപൂർവ ഇനം ചെടികൾ വളർന്നു നിൽക്കുന്ന ഈ പടശേഖരത്തു അവ വെട്ടി മാറ്റുവാൻ പോലും ഇവർ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ കൃഷി നഷ്ടത്തിൽ ആകുകയാണ്. ഈ ഫണ്ട്‌ സെക്രട്ടറിയുടെ പേരിൽ മാത്രം ആണ്. മറ്റു ഭാരവാഹികൾ ഉണ്ടായിട്ടും അവരെ പോലും ഈ ഫണ്ട്‌ സൂക്ഷിക്കാൻ എല്പിക്കില്ല. ഇടനാട് കാനറാ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളതായി സെക്രട്ടറി പറയുന്നുണ്ടങ്കിലും അവയുടെ കണക്കൊ കാര്യങ്ങളൊ കമ്മിറ്റിയിലോ സമിതിയിലോ ബോധ്യപ്പെടുത്തിയിട്ടില്ല.

വർഷങ്ങൾ ആയി സമിതിയിൽ തിരഞ്ഞെടുപ്പും നടക്കുന്നില്ല. രജിസ്ട്രേഷൻ പുതുക്കുകയോ പൊതുയോഗം വിളിച്ചു കൂട്ടുകയോ ചെയ്യുന്നില്ല. പാടത്തിനു ആവശ്യം ആയിട്ടുള്ള ഒരു ഒരു പുരോഗതിയും ചെയ്യുന്നില്ല എന്നും കർഷകർക്കു പരാതി ഉണ്ട്. സെക്രട്ടറിക്ക്  മറ്റു വിളകൾ കൃഷി ചെയ്യുവാൻ ആണ് താല്പര്യം. ഒരു റിയൽ എസ്റ്റേറ്റ് മാഫിയ സംഘമായി പ്രവർത്തിയ്ക്കുകയാണ് സെക്രട്ടറി എന്നും നാട്ടുകാർ ആരോപിച്ചു.