‘കേരളത്തിൽ ശത്രുക്കൾ, ത്രിപുരയിൽ ഒന്നിച്ചു, ജനം ബിജെപിയെ തിരഞ്ഞെടുത്തു’; പരിഹാസവുമായി അമിത് ഷാ

amit shah
 

തൃശൂർ: കേരളത്തിൽ തമ്മിലടിക്കുന്ന കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ ഒന്നിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലനിൽപിനു വേണ്ടിയാണ് അവർ ഒന്നിച്ചത്. എന്നാൽ ജനം ബിജെപിയെ തിരഞ്ഞെടുത്തെന്ന് അമിത് ഷാ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കേരളത്തിന് മോദി സർക്കാർ കഴിഞ്ഞ അഞ്ചുവർഷം 1,15,000 കോടി രൂപ നൽകി. എന്നാൽ, യുപിഎ സർക്കാർ നൽകിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയിൽ 8500 കോടി രൂപ നൽകി. ഇത്രയും തുക മറ്റൊരു സംസ്ഥാനത്തിനും നൽകിയിട്ടില്ല. ഗുരുവായൂരിൽ 317 കോടി രൂപ നൽകി. കാസർകോടിൽ 50 മേഗാവാട്ടിന്റെ സൗരോർജ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപയാണ് അനുവദിച്ചത്’’– അദ്ദേഹം പറഞ്ഞു. 
 
ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട പരാമര്‍ശവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ പ്രതിയായ കേസില്‍, ജനങ്ങളോട് ഈ വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി പറയേണ്ടി വരുമെന്നും ഷാ പറഞ്ഞു.

2024 തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി പറയിക്കും. കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിയിലധികമാണ്. കേരളത്തിന്റെ ധനകാര്യ മന്ത്രി തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചു. സർക്കാർ സിപിഐഎം പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ നീളുന്നു ആരോപണങ്ങൾ.

ബ്രഹ്‌മപുരം മാലിന്യ വിഷയത്തിലും അമിത്ഷാ സർക്കാരിനെ കുറ്റപ്പെടുത്തി. രണ്ടാം തീയതി കത്തിയ ഒരു തീ ഇന്ന് പന്ത്രണ്ടാം തീയതിയായിട്ടും കെടീത്താനായില്ലേയെന്നും അമിത് ഷാ ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനുവേണ്ടി കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഇത് അംഗീകരിക്കില്ല. അവർ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം ആരോപിച്ചു.  

2024ലെ തിരഞ്ഞെടുപ്പു പ്രവർത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്. ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ അമിത് ഷാ തുടർന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലെത്തി. ശക്തൻ തമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം  ജോയ്സ് പാലസ് ഹോട്ടലിൽ നടന്ന പാർലമെന്റ് മണ്ഡലം നേതൃയോഗത്തിൽ അദ്ദേഹം പങ്കെടുത്തു. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. അതിനു ശേഷമാണ് തേക്കിൻകാട്ടിലെ പൊതുയോഗത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തത്.