അമിത്ഷാ 12 ന് തൃശൂരിൽ; തേക്കിൻകാട് മൈതാനത്ത് പൊതുസമ്മേളനം

amit shah
 

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12 ന് തൃശൂരിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ന് നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് 12ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും.

 
ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായാണ് അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ആദ്യം ഇന്ന് വൈകീട്ട് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് പരിപാടി മാറ്റിവച്ചത്.

കർണാടകയിലെ ദേവനഹള്ളിയിൽ നടന്ന വിജയ സങ്കൽപ രഥയാത്രയിൽ കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്തിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ കർണാടകത്തിലും മോദി മാജിക് വിജയിക്കുമെന്നാണ് രഥയാത്രയില്‍ പങ്കെടുത്ത് അമിത് ഷാ പറഞ്ഞത്. മോദിയുടെ ഖബർ കുഴിക്കുമെന്നും, മോദി മരിച്ച് പോകട്ടെയെന്നും മുദ്രാവാക്യം വിളിക്കുകയാണ് കോൺഗ്രസും ആം ആദ്മി പാർട്ടിയും. മോദിയുടെ ദീർഘായുസ്സിനായി ഇന്ത്യൻ ജനത പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജയത്തിന് ശേഷം ഇനി കേരളം ലക്ഷ്യമമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി സജീവ രാഷ്ട്രീയ ചർച്ച തുടരുമ്പോഴാണ് അമിത് ഷാ സംസ്ഥാനത്തേക്ക് എത്തുന്നത്.