‘അനന്യയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചു'; ശസ്ത്രക്രിയക്ക് ശേഷം നേരിട്ടത് മോശം അനുഭവങ്ങളെന്ന് പിതാവ് അലക്‌സാണ്ടര്‍

fu

തിരുവനന്തപുരംലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റെനെ മെഡിസിറ്റിയിൽ നിന്ന് അനന്യയ്ക്ക് മർദ്ദനമേറ്റിരുന്നതായി പിതാവ് അലക്സാണ്ടർ. ലിംഗമാറ്റ ശസ്ത്രക്രിയക്ക് പിന്നാലെ പലപ്പോളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് വേണ്ടി സമീപിച്ചപ്പോള്‍ ഡോക്ടറുടെ സേവനം പല സമയത്തും ലഭ്യമായിരുന്നില്ല. മെച്ചപ്പെട്ട ചികിത്സയല്ല ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ആശുപത്രി അമിത ചികിത്സാ ചെലവ് ഈടാക്കിയെന്നും ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി അനന്യ സമീപിച്ച കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്ക് എതിരെ അച്ഛന്‍ ആരോപണം ഉന്നയിച്ചു. 

അതേസമയം ചികിത്സാച്ചെലവ് എന്ന നിലയിൽ കൊള്ള ഫീസ് ആണ് റിനൈ മെഡിസിറ്റി ഹോസ്പിറ്റൽ ഈടാക്കിയെന്ന് കാണിച്ച് കമീഷണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അലക്സാണ്ടർ. അനന്യയുടെ പരിശോധനാ റിപ്പോർട്ടുകൾ പുറത്ത് വരുന്നതുവരെ റിനൈ മെഡിസിറ്റി ഹോസ്പിറ്റലിലെ ലിംഗമാറ്റ ശസ്ത്രക്രിയകൾ നിർത്തിവെക്കണമെന്നും അനന്യയുടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ചികിത്സാപിഴവ് ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് അനന്യയുടെ കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെടുന്നത്.