കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നു വേട്ട; ഐടി കമ്പനി മാനേജരടക്കം പിടിയില്‍

drug
 

കൊച്ചി: കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐടി കമ്പനി മാനേജർ ഉൾപ്പടെയുള്ള സംഘമാണു പിടിയിലായത്. തൃക്കാക്കാര മില്ലുപടിയില്‍ വടകക്കെടുത്ത ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വിവധ ജില്ലകളിലെ ഐടി പ്രൊഫഷനലുകള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്നു വില്പ്പന നടത്തി വന്നിരുന്ന സംഘമാണ് തൃക്കാക്കര പൊലീസിന്റേയും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്.

സംസ്ഥാനത്തിന്റെ പുറത്തുനിന്നും മയക്കുമരുന്ന് എത്തിച്ച് വിതരണം നടത്തി വന്നിരുന്ന കൊല്ലം സ്വദേശിയായ ആമിനാ മന്‍സിലില്‍ ജിഹാദ് ബഷീര്‍(30) കൊല്ലം ഇടവെട്ടം സ്വദേശിനിയായ അനിലാ രവീന്ദ്രന്‍(29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി ഏര്‍ലിന്‍ ബേബി(25) എന്നിവരാണ് പിടിയിലായത്. ഇവരെ കൂടാതെ മയക്കു മരുന്നു ഉപയോഗിക്കുന്നതിനായി എത്തിയ നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശിനിയായ രമ്യ വിമല്‍(23), മനക്കപടി സ്വദേശി അര്‍ജിത്ത് ഏയ്ഞ്ചല്‍(24), ഗുരുവായൂര്‍ തൈക്കാട് സ്വദേശി അജ്മല്‍ യൂസഫ്(24),നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണ്‍ ജോസഫ്(24), എന്നിവരും പിടിയിലായി.
 
പ്രതികളിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കൽ കൂടുതൽ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.

സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇവിടെ ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.