ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമായി

ashtarohini

പത്തനംതിട്ട: ലോകപ്രശസ്തമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള മേൽശാന്തി  ശ്രീകോവിലിൽ നിന്ന്  പകർന്നു നൽകിയ ദീപം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൻറെ ഊട്ടുപുരയിൽ തയ്യാറാക്കിയ നിലവിളക്കിലേക്ക്, പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ എസ് രാജൻ ഏറ്റുവാങ്ങി  തെളിയിച്ചു. തുടർന്ന് നിലവിളക്കിലേക്ക് പകർന്നതായ ആ ഭദ്രദീപം സോപാനം കാറ്ററിങ് ഉടമ ഹരിചന്ദ്രൻറെ നേതൃത്വത്തിലുള്ള പാചക സംഘം അടുപ്പിലേക്ക് പകർന്നതോടുകൂടി ഈ വർഷത്തെ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. 

1

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക എന്നും പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല എന്നും പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ എസ് രാജൻ അറിയിച്ചു. ഈ പ്രാവശ്യം 52 കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കോഴഞ്ചേരി, കീഴ് വന്മഴി, മാരാമൺ എന്നീ  പള്ളിയോടങ്ങൾക്ക് മാത്രമാണ് വള്ളസദ്യയിൽ പങ്കെടുക്കാനുള്ള അവസരം. ഓരോ കരയുടെ പള്ളിയോടങ്ങളിലും 40 അംഗങ്ങൾ മാത്രമാണുള്ളത്. ഈ ചടങ്ങിൽ പങ്കെടുക്കുന്ന അംഗങ്ങൾ നിർബന്ധമായും വാക്സിനേഷൻ എടുത്തവരും RTPCR സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കും. 

പത്തനംതിട്ട ജില്ലാ കളക്ടറും ദേവസ്വം ബോർഡ് പ്രസിഡൻറ് ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. പത്തനംതിട്ടയുടെ എംഎൽഎയായ ആരോഗ്യ മന്ത്രി ശ്രീമതി  വീണ ജോർജ് ചടങ്ങിനു വേണ്ടിയുള്ള പ്രത്യേക നിർദേശങ്ങൾ നൽകിയതായി  പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ എസ് രാജൻ അറിയിച്ചു.