×

കൃത്രിമ പാരുകള്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കും: കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല

google news
.

 തിരുവനന്തപുരം: സംസ്ഥാനത്തെ തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. പരമ്പരാഗത മത്സ്യബന്ധനത്തിനായി തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിഴിഞ്ഞത്ത് ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

.

രാജ്യത്തെ 3,477 തീരദേശ ഗ്രാമങ്ങളിലും കൃത്രിമ പാരുകള്‍ സ്ഥാപിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി  (പിഎംഎംഎസ് വൈ) പ്രകാരം കേരളത്തിലെ തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിക്കുന്നതിന് 302 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാജ്യത്തെ തീരപ്രദേശങ്ങളിലെ ജൈവവൈവിധ്യവും മത്സ്യസമ്പത്തും വര്‍ധിപ്പിച്ച് സമുദ്രവിഭവങ്ങളെ സംരക്ഷിക്കാനുള്ള സര്‍ക്കാറിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം പദ്ധതികള്‍. കൃത്രിമ പാരുകള്‍ സമുദ്ര ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതോടൊപ്പം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.

മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണ്. കടലിന്‍റെ സുസ്ഥിരതയ്ക്കായി പിഎംഎംഎസ് വൈയുടെ കീഴില്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലൊന്നാണ് കൃത്രിമ റീഫ് പദ്ധതിയെന്നും പര്‍ഷോത്തം രൂപാല പറഞ്ഞു.

കൃത്രിമപാര് യൂണിറ്റുകള്‍ തീരക്കടലില്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തനം ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സുസ്ഥിര മത്സ്യബന്ധന വികസനവും തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ഉപജീവന മാര്‍ഗവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യങ്ങളെ തീരസമുദ്രത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അവയുടെ സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിന്‍റെ സുസ്ഥിരമായ പരിപാലനത്തിനും കൃത്രിമപ്പാരുകള്‍ സഹായകമാണെന്നും മന്ത്രി പറഞ്ഞു.

കേരള- തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പൊഴിയൂര്‍ മുതല്‍ വര്‍ക്കല ഇടവ വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലാണ് കൃത്രിമപ്പാരുകളിടുക. സംസ്ഥാനത്ത് 222 മത്സ്യഗ്രാമങ്ങളില്‍ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതി  (പിഎംഎംഎസ് വൈ) പ്രകാരമാണ് പാരുകളിടുന്നത്. ഇതിന്‍റെ ആദ്യഘട്ടത്തിനാണ് തിരുവനന്തപുരത്ത് തുടക്കമിട്ടത്. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളില്‍ മൂന്ന് ഇനങ്ങളിലായുള്ള 150 കൃത്രിമപാരുകളാണിടുക. ഇത്തരത്തില്‍ കേരളത്തില്‍ 6300 പാരുകള്‍ സ്ഥാപിക്കും.
 
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രത്തിന്‍റെ 60 ശതമാനവും സംസ്ഥാനത്തിന്‍റെ 40 ശതമാനവും ഉള്‍പ്പെടുത്തി 13.02 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (സിഎംഎഫ്ആര്‍ഐ) സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി നിര്‍വഹണ ചുമതല.

സിഎംഎഫ്ആര്‍ഐയുടെ (സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച കൃത്രിമ പാരുകള്‍ വിന്യസിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ പ്രദേശത്തെ വിവിധ മത്സ്യബന്ധന സംഘങ്ങളുമായി കൂടിയാലോചിച്ചാണ് തിരഞ്ഞെടുത്തതെന്ന്  മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും 200 ദിവസത്തിനകം കൃത്രിമപാരില്‍ മത്സ്യങ്ങളുടെ പ്രജനനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫിഷറീസ് തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു

കടലിന്‍റെ അടിത്തട്ടില്‍ സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ആവാസവ്യവസ്ഥയില്‍ ധാരാളം സസ്യപ്ലവകങ്ങളും ജന്തുപ്ലവകങ്ങളും രൂപപ്പെടും. ഇവയെ ഭക്ഷിക്കുന്നതിനായി ചെറുതും വലുതുമായ ധാരാളം മത്സ്യങ്ങള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടും. കേരളത്തിന്‍റെ സമ്പന്നമായ മത്സ്യസമ്പത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന യന്ത്രബോട്ടുകളുടെ നിരന്തരമായ അമിതചൂഷണവും ഇതിലൂടെ തടയാനാകും. തീരത്തിനടുത്ത് സ്ഥാപിക്കുന്ന കൃത്രിമപാരുകള്‍ മത്സ്യബന്ധന കേന്ദ്രങ്ങളാകുന്നതോടെ മത്സ്യബന്ധന പ്രക്രിയ ലളിതമാകും. ഈ പദ്ധതിയിലൂടെ ഇന്ധനച്ചെലവില്‍ ഗണ്യമായ കുറവുണ്ടാകും.

വാര്‍ഡ് കൗണ്‍സിലര്‍ നിസാമുദീന്‍, കെഎസ്‌സിഎഡിസി മാനേജിംഗ് ഡയറക്ടര്‍ പി ഐ. ഷേഖ് പരീദ്, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള, ചീഫ് എഞ്ചിനീയര്‍ ടി വി. ബാലകൃഷ്ണന്‍, വിശാഖപട്ടണം സിഎംഎഫ്ആര്‍ഐ യിലെ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. ജോ കെ കിഴക്കുടന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.