കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിലേറ്റ അപ്രതീക്ഷിത പരാജയങ്ങളിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ട നടപടി. തൃക്കാക്കരയിലെ പരാജയത്തിൽ സി കെ മണിശങ്കറിനെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. വൈറ്റില ഏരിയ സെക്രട്ടറിയായിരുന്ന കെ ഡി വിൻസെന്റിന്റെ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനത്ത് നിന്നും നീക്കി.
മുന്‍ എംഎല്‍എ എം. സ്വരാജ് പരാജയപ്പെട്ട തൃപ്പൂണിത്തുറയിലും നടപടിയുണ്ടായി. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സി എൻ സുന്ദരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ആയിരുന്ന ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും, ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി.
കൂത്താട്ടുകുളം പാർട്ടി ഓഫീസ് സെക്രട്ടറി അരുണിനെ മാറ്റി. പിറവം പരാജയത്തിലാണ് നടപടി. പെരുമ്പാവൂരിലെ പരാജയത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം എൻസി മോഹനന് പരസ്യ ശാസനയും ഉണ്ടായി. ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള കൂട്ട നടപടിയിലേക്ക് സിപിഐഎം എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാല് മണ്ഡലങ്ങളിലെ തോൽവിയായിരുന്നു അന്വേഷണ കമ്മിഷൻ റിപ്പോർട്ട്.
Comments