ജുമാ നമസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി വേണം: ആവശ്യവുമായി സമസ്ത

samastha

മലപ്പുറം: വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി വേണമെന്ന ആവശ്യവുമായി സമസ്ത. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച സെക്രട്ടറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണമെന്നും മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.  വിശ്വാസികളുടെ ക്ഷമ സര്‍ക്കാര്‍ ദൗര്‍ബ്ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, വെളളിയാഴ്ചയിലെ ജുമുഅ നമസ്‌കാരങ്ങള്‍ക്കും ബലിപെരുന്നാള്‍ നമസ്‌കാരത്തിനും അനുമതി വേണമെന്നാവശ്യപ്പെട്ട് നേരത്തേ സുന്നി നേതാവായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇകെ സുന്നിവിഭാഗം ഇന്ന് മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ സമസ്തയുടെ മുതിര്‍ന്ന നേതാക്കളും പോഷകസംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു. ജൂലൈ 21 നാണ് കേരളത്തില്‍ ബലിപെരുന്നാളാഘോഷിക്കുന്നത്.