വ്യക്തിഹത്യക്ക് ശ്രമം, ജാനുവും സുരേന്ദ്രനും തമ്മിലെ ഇടപാട് 10 ലക്ഷം മാത്രമല്ല

praseetha

നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നതിന്  സി.കെ.ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപിയുമായി ബന്ധപ്പെട്ടവരാണ് വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് പ്രസീത പറഞ്ഞു.

സരിത 2.0 എന്നു വിശേഷിപ്പിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നുവെന്നും പ്രസീത പറയുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രസീത പറഞ്ഞു. 10 ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ജാനുവും സുരേന്ദ്രനും തമ്മിൽ നടന്നിട്ടുള്ളത്. ബത്തേരിയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൂടുതൽ തുക കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ കൈവശമുണ്ടെന്നും, കൂടുതൽ പ്രകോപിപ്പിച്ചാൽ അവയെല്ലാം പുറത്തുവിടേണ്ടിവരുമെന്നും പ്രസീത പറഞ്ഞു.

‘എല്ലാ ഫോൺവിളികളുടെയും ശബ്ദരേഖയുണ്ട്’

തന്റെ ഫോണിൽ വരുന്ന കോളുകളെല്ലാം റെക്കോർഡ് ചെയ്യാറുണ്ടെന്നും, അത് ഇപ്പോൾ അനുഗ്രഹമായെന്നു കരുതുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി സി.കെ.ജാനുവുമായും കെ.സുരേന്ദ്രനുമായുമെല്ലാം സംസാരിച്ചതിന്റെ ശബ്ദരേഖ കൈവശമുള്ളതിനാൽ പാർട്ടി പ്രവർത്തകർക്കും ഭാരവാഹികൾക്കും പൂർണവിശ്വാസമാണ്. അതുകൊണ്ടുതന്നെ അവരുടെ പൂർണ പിന്തുണയും തനിക്കുണ്ടെന്ന് പ്രസീത വ്യക്തമാക്കി. 

ജെആർപി എൻഡിഎയുടെ ഭാഗമാവുന്നതുമായി ബന്ധപ്പെട്ടു നടന്ന ചർച്ചകളുടെയും സി.കെ.ജാനുവിനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ടും പ്രചാരണ നാളുകളിലുമെല്ലാം ബിജെപി നേതാക്കളുമായി സംസാരിച്ചതിന്റെയുമെല്ലാം ശബ്ദരേഖകൾ കൈവശമുണ്ട്.  കൂടുതൽ  പ്രകോപിപ്പിക്കാനും അവഹേളിക്കാനുമാണ് ബിജെപി നേതാക്കളുടെ ശ്രമമെങ്കിൽ ഇവയെല്ലാം പുറത്തുവിടേണ്ടിവരും. പിന്നെ ആദർശംപറഞ്ഞ് തലയുയർത്തി നടക്കാൻ അവർക്കു കഴിഞ്ഞെന്നുവരില്ലെന്നും പ്രസീത പറഞ്ഞു.

ജാനു പണം ആവശ്യപ്പെട്ടതു സംബന്ധിച്ച് സുരേന്ദ്രനുമായുള്ള ഫോൺ സംഭാഷണം പാർട്ടിയുടെ വാട്സാപ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. പാർട്ടി ഭാരവാഹികൾ ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഇതു ചെയ്തത്. പാർട്ടി ഗ്രൂപ്പിൽനിന്നാണ് സംഭാഷണം ചോർന്നതെന്നും താൻ തന്നെയാണ് കെ.സുരേന്ദ്രനോട് സംസാരിച്ചതെന്നും പ്രസീത പറഞ്ഞു. പാർട്ടിയെ മറയാക്കി പണം വാങ്ങുകയായിരുന്നു ജാനു ചെയ്തത്. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണ്. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിനു വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിച്ചു. 

ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും സി.കെ.ജാനുവുമായുള്ള പണമിടപാട് സംബന്ധിച്ചു പുറത്തുവന്ന ശബ്ദരേഖ വ്യാജമെന്നു തെളിയിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ വെല്ലുവിളിക്കുന്നുവെന്നും‌ പ്രസീത അഴീക്കോട് പറഞ്ഞു.ഏതന്വേഷണവും നേരിടാൻ തയാറാണെന്നും, ശബ്ദരേഖ വ്യാജമാണെന്ന് തെളിയിച്ചാൽ ജയിലിൽ പോകാനും തയാറാണെന്ന് പ്രസീത വ്യക്തമാക്കി.


സ്ഥാനാർഥിയാകാൻ ജാനു ആവശ്യപ്പെട്ടത് 10 കോടി

എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ.ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയായിരുന്നുവെന്നാണ് പ്രസീതയുടെ ആരോപണം. ജെആർപിയുടെ എൻഡിഎ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് കോട്ടയത്തു നടന്ന ചർച്ചയിലായിരുന്നു ജാനു ഇത്രയും വലിയ തുക ആവശ്യപ്പെട്ടത്. ജാനുവിന്റെ ആവശ്യം കേട്ട് ജെആർപി ഭാരവാഹികളും ബിജെപി നേതാക്കളും ഒരുപോലെ ഞെട്ടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇത് അംഗീകരിച്ചില്ല. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ജാനു ആവശ്യപ്പെട്ടു. നേരത്തെ എൽഡിഎഫിനൊപ്പം നിന്ന സമയത്തുണ്ടായ ബാധ്യതകൾ തീർക്കാനാണെന്നും എങ്കിൽ മാത്രമേ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സാധിക്കൂ എന്നുമായിരുന്നു ജാനു പറഞ്ഞത്. ഇക്കാര്യം സുരേന്ദ്രനെ വിളിച്ചറിയിച്ചു.  

തിരുവനന്തപുരത്ത് അമിത്ഷാ പങ്കെടുത്ത വിജയയാത്രയിൽ പങ്കെടുക്കാൻ വരണമെന്നും അപ്പോൾ തുക കൈമാറാമെന്നും സുരേന്ദ്രൻ ഉറപ്പു നൽകി. ഇക്കാര്യങ്ങൾ ശബ്ദരേഖയിൽ വ്യക്തമായി കേൾക്കാമെന്നും പ്രസീത പറഞ്ഞു. തുക കൈമാറുന്നത് നേരിട്ടു കണ്ടിട്ടില്ലെങ്കിലും അന്നേദിവസം സി.കെ.ജാനു ഏതു ഹോട്ടലിലാണ് താമസിക്കുന്നതെന്ന് അന്വേഷിച്ച് കെ.സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത പറഞ്ഞു. ഇതിന്റെയും ശബ്ദരേഖ കൈവശമുണ്ട്. മാർച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിലെത്തിയാണ് സുരേന്ദ്രൻ പണം കൈമാറിയത്. അവിടെയെത്തിയ സുരേന്ദ്രൻ തങ്ങളോട് പുറത്തു നിൽക്കാൻ ആവശ്യപ്പെട്ടു. സുരേന്ദ്രൻ പോയ ശേഷം പണം കിട്ടിയെന്ന് ജാനു പറഞ്ഞതായും പ്രസീത വ്യക്തമാക്കി. സി.കെ.ജാനുവിന്റെ വയനാട്ടിലെ ഇടപാടുകൾ പരിശോധിച്ചാൽ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

ജെആർപി എങ്ങനെ ഇടനിലക്കാരായി?

കെ.സുരേന്ദ്രനും സി.ജെ.ജാനുവിനും തമ്മിൽ സംസാരിക്കാൻ ജെആർപി നേതാക്കളെ എന്തിന് ഇടനിലക്കാരാക്കണമെന്ന ചോദ്യം യാഥാർഥ്യത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നു സൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രസീത അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ‘സി.കെ.ജാനു എന്ന വ്യക്തിയെ അടുത്തറിയുന്നവർക്ക് അതിന്റെ കാരണം മനസ്സിലാകും. എൽഡിഎഫ് ബന്ധം വിട്ട ശേഷം ജാനുവിനെതിരെ പാർട്ടിയിൽനിന്നു വലിയ തോതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ സി.കെ.ജാനുവിന് എതിരെ സാമ്പത്തികാരോപണം ഉന്നയിച്ചു. ആ സമയത്തു മറുപടി പറയുന്നതിനു പകരം അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കുന്നുവെന്നും ഇനി മൂന്നു കൊല്ലത്തേക്ക് രാഷ്ട്രീയത്തിലേക്കില്ല എന്നൊക്കെ  പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന നയമാണ് ജാനു സ്വീകരിച്ചിരുന്നത്. 

പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ എങ്ങനെയും യുഡിഎഫ് സീറ്റ് തരപ്പെടുത്തി മത്സരിക്കാനുള്ള ശ്രമങ്ങൾ അവർ രഹസ്യമായി ആരംഭിച്ചിരുന്നു. ആ സമയത്താണ് കെ.സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ ഇവരെ നേരിട്ടു വിളിക്കാൻ ആരംഭിക്കുന്നത്. യുഡിഎഫ് സീറ്റ് നോട്ടമിട്ടിരുന്ന സി.കെ.ജാനു പക്ഷേ, ബിജെപി നേതാക്കളുമായി സംസാരിക്കാൻ തയാറായില്ല. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ജനാധിപത്യ രാഷ്ട്രീയ പാർട്ടി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നു. തകർച്ചയെ നേരിട്ട ജെആർപി വീണ്ടും കെട്ടിപ്പടുക്കാനുള്ള ശ്രമം ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നിലവിലെ സാഹചര്യത്തിൽ ഏതെങ്കിലും മുന്നണി ബന്ധങ്ങളിൽ കൂടിയല്ലാതെ പാർട്ടിയെ നിലനിർത്താൻ കഴിയില്ലെന്നുറപ്പായതോടെ എൻഡിഎ അടക്കമുള്ളവരെ സമീപിച്ചു. 
തങ്ങളുടെ ദലിത് വിരുദ്ധ പരിവേഷം മാറ്റാൻ അവസരം നോക്കിയിരുന്ന ബിജെപി നേതൃത്വം ജെആർപിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും ഘടക കക്ഷി ആക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു‌. പക്ഷേ, ഒരു ഡിമാൻഡ്, ബത്തേരിയിൽ സി.കെ.ജാനു മത്സരിക്കണം. പാർട്ടി നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഞങ്ങൾ ആ ഡിമാൻഡ് അംഗീകരിച്ചു. മാനന്തവാടി കാട്ടിക്കുളത്തെ ജാനുവിന്റെ വീട്ടിൽ പോയി കണ്ടു കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. യുഡിഎഫ് സീറ്റ് മോഹിച്ചിരുന്ന അവർ തീരുമാനമെടുക്കാൻ സമയം വേണമെന്ന രീതിയിലാണ് സംസാരിച്ചത്. അത് അംഗീകരിച്ച ഞങ്ങൾ പക്ഷേ, സാമാന്യ മര്യാദ എന്ന നിലയിൽ വിളിക്കുന്നവരോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. അവർ അത് അംഗീകരിക്കുകയും ചെയ്തു. എന്നാലതുണ്ടായില്ല. 

കെ.സുരേന്ദ്രൻ വിളിച്ചു, പക്ഷേ, പഴയതു പോലെത്തന്നെയായിരുന്നു പ്രതികരണം. അതോടെ വീണ്ടും കെ.സുരേന്ദ്രൻ ഞങ്ങളെ വിളിച്ചു. ‘അവർ മുന്നണിയിലേക്ക് വരേണ്ട, മത്സരിക്കുകയും വേണ്ട. പക്ഷേ, ഞാൻ ഇത്രയും വിളിച്ചിട്ടും അവർ ഫോൺ അറ്റൻഡ് ചെയ്യാത്തത് വ്യക്തി എന്ന നിലയിൽ മാനസികമായ വിഷമമുണ്ടാക്കുന്നു.’ 
ഇതു പറഞ്ഞപ്പോൾ സംസാരിക്കാനുള്ള സൗകര്യമുണ്ടാക്കാം എന്ന ഉറപ്പു നൽകി ഞങ്ങളുടെ സാമുദായിക സംഘടനയോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന വയനാടുള്ള വ്യക്തിയെ കാട്ടിക്കുളത്തെ സി.കെ.ജാനുവിന്റെ വീട്ടിലേക്ക് അയയ്ക്കുകയും ആ വ്യക്തിയുടെ മൊബൈൽ നമ്പർ കെ.സുരേന്ദ്രനു കൈമാറുകയും ആ ഫോണിലേക്കു വിളിച്ച് ജാനുവുമായി സംസാരിക്കുകയുമാണുണ്ടായത്. ശേഷം വാട്സാപ്പിൽ അദ്ദേഹം നന്ദി പറയുകയും ചെയ്തു. 

തിരഞ്ഞെടുപ്പ് തിരക്കുകളും നേരിട്ട തിരിച്ചടികളും ഒക്കെ സമ്മാനിച്ച ടെൻഷനുകൾ ഇരുവർക്കും ഓർമക്കുറവിനു കാരണമായിട്ടുണ്ടാകാം. അതുകൊണ്ട് ആ ഓർമകളെ തിരിച്ചെടുക്കാൻ ഇത്തവണ ഒരു കാര്യം ഞങ്ങൾതന്നെ പുറത്തു വിടുന്നു... വെട്ടുകിളി കൂട്ടങ്ങളും ജന്മഭൂമിയും സി.കെ.ജാനു കേസ് കൊടുത്തതോടെ പ്രസീത പേടിച്ചോടി എന്ന തരത്തിൽ ആവേശം കൊള്ളുന്നത് കാണുന്നുണ്ട്, അവരോടു നിങ്ങൾ ആവേശം കൊണ്ടോളൂ, പറയേണ്ട എന്ന് കരുതിയതൊക്കെ പറയിപ്പിച്ചേ അടങ്ങു എന്നുണ്ടെങ്കിൽ...’ പ്രസീത ഫേസ്ബുക്കിൽ കുറിച്ചു.

‘ജാനുവിന്റെ രാഷ്ട്രീയ പ്രവേശനം വിഎച്ച്പി വഴി’

കൂലിക്ക് ആളെ വച്ചു നുണകൾ എഴുതിച്ചാൽ അതു സത്യമാകില്ലെന്നു സി.കെ.ജാനുവിനെ ഓർമപ്പെടുത്തുന്ന പ്രസീതയുടെ സമൂഹമാധ്യമ പോസ്റ്റിൽ സി.കെ.ജാനുവിന്റെ രാഷ്ട്രീയ പ്രവേശന വഴികളും പ്രസീത വിവരിക്കുന്നുണ്ട്. ‘ഗോത്രമഹാസഭയുടെ ബുദ്ധിരാക്ഷന്മാരുടെ തലയിലല്ല സി.കെ.ജാനുവിന്റെ രാഷ്ട്രീയ പ്രവേശനം എന്ന ആശയം വിരിഞ്ഞത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു പട്ടിക വിഭാഗങ്ങൾക്ക് എന്തെങ്കിലും പ്രോജക്ട് സാധ്യമാകുമോ എന്ന കണ്ണൂരിലെ കെപിജെഎസ് പ്രവർത്തകരുടെ ആഗ്രഹം എത്തി നിന്നത് അന്നത്തെ വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിന്റെ മുന്നിലാണ്. സി.കെ.ജാനുവിനെ ഉൾപ്പെടുത്തി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചാൽ എൻഡിഎ മുന്നണി പ്രവേശനം സാധ്യമാക്കി തരാം എന്ന പ്രതീഷിന്റെ ഉറപ്പിലാണ് 2016ൽ തെക്കൻ സുനിൽകുമാർ, ബിജു അയ്യപ്പൻ എന്നിവർ വയനാട്ടിലേക്ക് ചുരം കയറുന്നത്. 

ബിജെപി നേതാക്കൾ പോലും അറിയാതെ വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽ വച്ചാണ് അവസാനവട്ട ചർച്ചകൾ നടന്നതും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയതും. അന്ന് കണിച്ചുകുളങ്ങരയിലെ റിസോർട്ടിൽ വച്ചാണ് ജെആർഎസ് എന്ന് ആദ്യമായി കടലാസിൽ എഴുതിയതും... തെക്കൻ സുനിൽകുമാർ, കുമാരദാസ്, ബിജു അയ്യപ്പൻ എന്നിവരല്ലാതെ ഗോത്രമഹാസഭയുടെ ഏതു ബുദ്ധികേന്ദ്രമാണ് കൂടെയുണ്ടായിരുന്നതെന്നു വ്യക്തമാക്കണം സി.കെ.ജാനു. മറന്നു പോയി, അബ്ദു എന്ന പഴയ ഡ്രൈവർ കൂടിയുണ്ടായിരുന്നു. മറന്നു പോയെങ്കിൽ രാഷ്ട്രീയ തീരുമാനം പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുൻപ് സി.കെ.ജാനുവും പ്രതീഷ് വിശ്വനാഥും ആഹ്ലാദം പങ്കിടുന്ന ഫോട്ടോ കൂടി കാണിച്ചു തരാമെന്നും പ്രസീത കുറിപ്പിൽ പറയുന്നു.