"ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവം"; കൊടിക്കുന്നിലിനെതിരേ വിമർശനവുമായി കെകെ ശൈലജ

e

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിവാദ പ്രസ്തവനയില്‍ വിമർശനവുമായി കെകെ ശൈലജ.ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമേ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളൂവെന്നും പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും കെകെ ശൈലജ പ്രതികരിച്ചു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമെ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.