എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന; സ്വീകരിക്കാനൊരുങ്ങി സിപിഎം

av gopinath
 

പാലക്കാട്: ഡിസിസി പുനസംഘടനയിൽ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന. നാളെ രാവിലെ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഗോപിനാഥിനെ തഴഞ്ഞ് എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. 

അതേസമയം, ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു വന്നാൽ സ്വീകരിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. ഇതിനുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന. ഗോപിനാഥിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും ഒപ്പം നിര്‍ത്തുന്നതിലൂടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഎമ്മിനാകും. സിപിഎം നേതാവും മുന്‍ മന്ത്രിയുമായി എ.കെ.ബാലനും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.


കോണ്‍ഗ്രസ് അതിന്റെ  നാശത്തിലേക്ക്  എത്തിയിരിക്കുന്നു. അതുകൊണ്ട്  പല സ്ഥലത്തും  കോണ്‍ഗ്രസ്  പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലന്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കുകയുണ്ടായി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിൽ ​ഗോപിനാഥ് കലാപം ഉയർത്തിയപ്പോൾ സിപിഎം അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ കെ.സുധാകരനും ഉമ്മൻ ചാണ്ടിയും ഇടപെട്ട് അന്ന് ​ഗോപിനാഥിനെ അനുനയിപ്പിച്ച് നിർത്തിയതോടെ ആ നീക്കം സിപിഎം ഉപേക്ഷിച്ചിരുന്നു.