വിസ്മയ കേസ്‌; കുറ്റപത്രം നാളെ സമർപ്പിക്കും

v

കൊല്ലം; നിലമേൽ സ്വദേശി വിസ്‌മയ കൊല്ലപ്പെട്ട കേസിൽ നാളെ  പോലീസ് കുറ്റപത്രം സമർപ്പിക്കും. ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പോലീസ് അന്തിമ കുറ്റപത്രം തയ്യാറാക്കുന്നത്. നാൽപ്പതിലേറെ സാക്ഷികളും ഇരുപതിലേറെ തൊണ്ടിമുതലുകളും കോടതിക്ക് മുന്നിൽ എത്തും. പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അതിവേഗം കുറ്റപത്രം സമർപ്പിക്കുന്നത്.

കഴിഞ്ഞ ജൂണ് 21ന് പുലർച്ചെയാണ് ശാസ്താംകോട്ടയിലെ ഭർതൃവീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടത്. സംഭവം നടന്ന് 90 ദിവസം തികയുന്നതിന് മുന്‍പാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വിസ്മയയുടെ ഭർത്താവ് കിരൺ കുമാർ മാത്രമാണ് കേസിൽ പ്രതി. സ്ത്രീധന പീഡനം, ഗാർഹിക പീഡനം ഉൾപ്പെടെ 7 വകുപ്പുകൾ കിരൺ കുമാറിന് എതിരെ ചുമത്തിയിട്ടുണ്ട്. 

അതേസമയം, കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ മാസം 6ആം തീയതിയാണ് അസിസ്‌റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്നലെ പുറത്തിറങ്ങിയത്.സർവീസിൽ നിന്നും പിരിച്ചു വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറക്കിയത്.