'തിരികെ സ്‌കൂളിലേക്ക്'; സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

sivankutty and veena george
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍. തിരികെ സ്‌കൂളിലേക്ക് എന്ന പേരിലാണ് മാര്‍ഗരേഖ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. പൊതു നിര്‍ദേശങ്ങള്‍ അടക്കം മാര്‍ഗരേഖയ്ക്ക് എട്ടു ഭാഗങ്ങളുണ്ട്.  

ആറു വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവക്കാണ് പ്രധാന ചുമതലയെന്ന് മന്ത്രി പറഞ്ഞു. ആഴ്ചയില്‍ ആറുദിവസം ക്ലാസ്സുകളുണ്ടാകും. പൊതു അവധിയില്ലാത്ത ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും. ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രമാകും ക്ലാസ്സുകള്‍ ഉണ്ടാകുക. 

രക്ഷകര്‍ത്താക്കള്‍ക്ക് സമ്മതമെങ്കില്‍ മാത്രം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടാം. കുട്ടികള്‍ കൂട്ടം കൂടാതിരിക്കാന്‍ ശ്രമിക്കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ ക്ലാസ്സുകളില്‍ വരേണ്ടതില്ലെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുക്കണം. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

അടുത്ത അധ്യയന ദിവസം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെത്തണം. വിപുലമായ അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കും. സ്‌കൂള്‍ ബസുകള്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഗതഗതമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. യാത്രാസൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ക്കായി കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസുകാരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു.