ബക്രീദ്: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ഡൗൺ ഇളവ്; കടകള്‍ എട്ടുമണിവരെ മാത്രം, കാറ്റഗറി ഡി മേഖലയില്‍ ഇളവില്ല

assam lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്.
 
ഇന്ന് വ്യാപാരികളുമായി നടത്തിയ ചർച്ചകളെ തുടർന്ന് ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയോട് വിരട്ടൽ വേണ്ടെന്ന് പറഞ്ഞ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീൻ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പൂർണ സംതൃപ്തിയാണ് പങ്കുവച്ചത്. ഓണംവിപണിയുടെ കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്നും അദ്ദേഹം പറഞ്ഞു. 

ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനത്തിലാകെ ലോക്ഡൗൺ ഏർപ്പെടുത്തുന്നതിന് പകരം രോഗവ്യാപനമുള്ള വാർഡുകളിലേക്ക്  മാത്രം നിയന്ത്രണങ്ങൾ ചുരുക്കുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കൾ പറഞ്ഞു.  

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെ ആരോഗ്യവകുപ്പിന് കഴിയുംവിധം പിടിച്ച് നിര്‍ത്താനായെന്നാണ് പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. 30 ശതമാനത്തിന് അടുത്തായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പിടിച്ച് നിര്‍ത്താനായതിന്‍റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വൈകിയാണ് കേരളത്തില്‍ രണ്ടാംതരംഗം തുടങ്ങിയതെന്നും അതിനാലാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.