ബാലചന്ദ്രകുമാറിൻ്റെ ആരോപണം: പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

pulsar suni

കൊച്ചി: ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിൻ്റെ ആരോപണത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ദിലീപിനൊപ്പം പലതവണ സുനിയെ  കണ്ടതായാണ് ബാലചന്ദ്രകുമാറിൻ്റെ മൊഴി. പൾസർ സുനി എന്ന സുനിൽ കുമാറുമായി നടൻ ദിലീപിന് അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനൊപ്പം താൻ കണ്ടതായും, ഒരു വിഐപിയാണ് ഈ ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശം എത്തിച്ചതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുടെ ക്രൂരകൃത്യങ്ങൾ കണ്ടോളൂ എന്നാണ് ദിലീപ് പറഞ്ഞതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. 

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഡാലോചന നടത്തിയ കേസ് എറണാകുളം ക്രൈംബ്രാ‌ഞ്ച് എസ് പി മോഹനചന്ദൻ  അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാ‌ഞ്ച് മേധാവി ഉത്തരവിറക്കി. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ  സമർപ്പിക്കും. 

ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ദിലീപിൻ്റെ സഹോദരൻ അനൂപ്, അളിയൻ സുരാജ് എന്നിവരടക്കം കേസിൽ പ്രതിയാണ്. കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന കൊച്ചി മുൻ സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ് ഉൾപ്പടെയുള്ള പോലീസ് ഉദ്യോ​ഗസ്ഥരെ വധിക്കാൻ പ്രതികൾ ​ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 

തൻ്റെ ദേഹത്ത് കൈ വച്ച പോലീസുകാരൻ്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞു. ബി സന്ധ്യ, സോജൻ, സുദർശൻ, ബൈജു പൗലോസ്, എ വി ജോർജ് എന്നിവർക്കെതിരെ പ്രതികൾ ഗൂഡാലോചന നടത്തിയെന്നും എഫ്ഐആര്‍ പറയുന്നു. 2017 നവംബര്‍ 15ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയത്. ദിലീപിൻ്റെ ആലുവ കൊട്ടാരക്കടവിലുള്ള പത്മസരോവരം എന്ന വീട്ടില്‍വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു. 

അതിനിടെ ദിലീപിന് കുരുക്കായി ജയിലില്‍ നിന്നുള്ള പൾസർ സുനിയുടെ ഫോൺവിളിയും പുറത്തുവന്നു. പൾസർ സുനി സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ  കണ്ടിട്ടുണ്ടെന്ന് സുനിൽ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. ദിലീപിൻ്റെ വീട്ടില്‍ വച്ചാണോ, ഹോട്ടലില്‍ വെച്ചാണോ എന്ന ചോദ്യത്തിന്, വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ട് എന്ന് പള്‍സര്‍ സുനി വ്യക്തമാക്കുന്നു.