'കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂര്‍ കേരളത്തിൽ പ്രവർത്തിക്കണം'; പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ

 'കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂര്‍ കേരളത്തിൽ പ്രവർത്തിക്കണം'; പിന്തുണച്ച് ഓര്‍ത്തഡോക്സ് സഭ
 

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് അപചയത്തിന്റെ വഴിയിലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവാ. കോൺഗ്രസ് തുടര്‍ച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ഇതിന് തെളിവാണ്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ശശി തരൂര്‍ എംപി കേരളത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും  കാതോലിക്കാ ബാവാ പറഞ്ഞു. സഭാ ആസ്ഥാനത്ത് എത്തിയ തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.
 
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് തരൂർ വ്യക്തമാക്കി. തൻ്റെ മനസിലോ പ്രവൃത്തിയിലോ ജാതിയില്ലെന്നും കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കാണുന്നുവെന്നും ത​രൂർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഇനി സജീവമായി ഉണ്ടാകുമെന്നും തരൂർ പറഞ്ഞു.


കേരളത്തിൽ പ്രവർത്തിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോൾ താൽപര്യമില്ല എന്നു പറയാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ജനങ്ങൾക്ക് രാഷ്ട്രീയം മാത്രമല്ല, മറ്റു കാര്യങ്ങളുമുണ്ട്. അതും പരിഗണിച്ചേ പ്രവർത്തിക്കാൻ സാധിക്കൂ. സമുദായ നേതാക്കളെ മാത്രമല്ല കാണുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ളവരെ കാണുന്നുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ പ്രകടനപത്രിക തയാറാക്കാനുള്ള ചുമതല ഏറ്റെടുത്തപ്പോൾ മുതൽ തുടങ്ങിയ പ്രവർത്തനമാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.        

തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്നും അത് പറഞ്ഞവരോട് ചോദിക്കണമെന്നും പറഞ്ഞ തരൂർ താൻ ജാതീയ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതികരിച്ചു.

ജാതിയും മതവുമെല്ലാം സ്വകാര്യമാണ്, ജാതിയല്ല കഴിവാണ് പ്രധാനം, തൻ്റെ വീട്ടിലെ കുക്കിൻ്റെ ജാതിപോലും തനിക്ക് അറിയില്ലെന്നും തരൂർ പറഞ്ഞു. എൻഎസ്എസ് രജിസ്ട്രാറുടെ രാജിയും തൻ്റെ സന്ദർശനവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.