ബെംഗളൂരു: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. പരപ്പന അഗ്രഹാര ജയിലില്‍ നിന്നും രവി പൂജാരിയുമായി അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി. ഇവിടെ നിന്ന് രാത്രി 7.45 ന്റെ എയര്‍ ഏഷ്യ വിമാനത്തില്‍ പ്രതിയും അന്വേഷണ ഉദ്യോഗസ്ഥന് യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചിയില്‍ എത്തും.
തുടര്‍ന്ന് രവി പൂജാരിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. ബെംഗളൂരു പരപ്പന ജയിലില്‍ കഴിയുന്ന പൂജാരിയുടെ അറസ്റ്റ്, കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലെത്തി രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവിലെത്തിച്ച് കോടതിയില്‍ ഹാജരാക്കണം.
നേരത്തെ മാര്‍ച്ചില്‍ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ മുംബൈ പോലീസ് പൂജാരിയെ നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയതോടെ അത് നടന്നില്ല. മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനവാരത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്.
2018 ഡിസംബര്‍ 15-നായിരുന്നു കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടിപാര്‍ലറിലേക്ക് ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു.
https://www.youtube.com/watch?v=XwbdCj6AFNQ
Comments