ബിനോയ് വിശ്വത്തിന്‍റെ പരാമർശം ദുർവ്യാഖ്യാനം ചെയ്തു; കോൺഗ്രസ് ദുർബലമാകരുത്; പിന്തുണച്ച് കാനം

kanam

തിരുവനന്തപുരം: ബിനോയ് വിശ്വത്തെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥാനത്തേക്ക് എല്ലായിടത്തും ഇടതുപക്ഷത്തിന് വരാനാവില്ല. സിപിഎമ്മിന് വ്യത്യസ്ത നിലപാട് കാണും. അതുകൊണ്ടാണ് സിപിഎമ്മും– സിപിഐയും രണ്ടുപാര്‍ട്ടിയായി നില്‍ക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് സിപിഐഎമ്മിൻ്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണെന്നും കാനം വ്യക്തമാക്കി. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയിൽ നടന്ന പി ടി തോമസ് അനുസ്മരണ പരിപാടിയിലാണ് ബിനോയ് വിശ്വം പരാമർശം നടത്തിയത്.  ‘കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥലത്തേക്ക് മറ്റുപാര്‍ട്ടികള്‍ കടന്നുവന്നേക്കാം. സിപിഐഎമ്മിന് ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുണ്ട്. ഇന്ത്യയൊട്ടാകെ ബിജെപിയെ എതിര്‍ക്കുന്നതില്‍ ഇടതുപക്ഷമുണ്ട്.

പക്ഷേ കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്‌പേസിലേക്ക് എല്ലാ സംസ്ഥാനങ്ങളിലും ഇടത് പക്ഷം വരണമെന്നില്ല. മറ്റുപലരും വരും. അതാണ് ബിനോയ് വിശ്വം പറഞ്ഞത്. അദ്ദേഹം ഒരു യാഥാര്‍ത്ഥ്യമാണ് പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സിപിഐഎമ്മിൻ്റെയും ബിനോയ് പറഞ്ഞത് സിപിഐയുടേയും നിലപാടാണ്. രണ്ടുനിലപാടുള്ളതുകൊണ്ടാണല്ലോ രണ്ട് പാര്‍ട്ടിയായി നില്‍ക്കുന്നത്’- കാനം പറഞ്ഞു. 

അതേസമയം, ഇന്ത്യയുടെ പൊതു രാഷ്ട്രീയ നിലപാടുകളില്‍ സിപിഐയ്ക്കും സിപിഐഎമ്മിനും ഒരേനിലപാടാണെന്നും കാനം വ്യക്തമാക്കി. ഇന്ത്യയില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ബദല്‍ ആകാനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ വാക്കുകള്‍. കോണ്‍ഗ്രസ് തകരുന്നിടത്ത് ആര്‍എസ്എസ് സംഘടനകള്‍ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.