കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബിജെപി: രാജീവ് ചന്ദ്രശേഖർ ഉദ്ഘാടകൻ, ക്രൈസ്തവസഭാ​ നേതാക്കള്‍ക്ക് ക്ഷണം

google news
rajeev'
 chungath new advt

കോഴിക്കോട്: കോഴിക്കോട്ട് ഇസ്രയേൽ അനുകൂല പരിപാടി നടത്താനൊരുങ്ങി ബി.ജെ.പി നേതൃത്വം. ക്രൈസ്തവ സഭാ നേതാക്കളെ പങ്കെടുപ്പിച്ചു പരിപാടി നടത്താനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി. നടത്തുന്ന ഭീകരവിരുദ്ധ സമ്മേളനം ഡിസംബർ രണ്ടിന് വൈകിട്ട് മുതലക്കുളത്ത് നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.


ക്രിസ്ത്യൻ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ ഹമാസ് നേതാവ് ഓൺലൈനായി ഒരു പരിപാടിൽ പങ്കെടുക്കുകയും യഹൂദൻമാരെയും മറ്റു മതവിശ്വാസികളെയും ഉൻമൂലനം ചെയ്യുമെന്ന് പ്രസംഗിച്ചതായും സജീവൻ ആരോപിച്ചു. ഇത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ മലപ്പുറത്തെ പരിപാടിക്കെതിരേ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും സജീവൻ പറഞ്ഞു. കേരളത്തിലെ ഇടത്, വലത് സംഘടനകൾ ഹമാസിനെ മനുഷ്യാവകാശ പോരാളികളായി വെളളപൂശുകയാണെന്നും സജീവൻ പറഞ്ഞു.
  
അതിര്‍ത്തി കടന്നുളള തീവ്രവാദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സജീവന്‍ പറഞ്ഞു.  സ്ത്രീകളും കുട്ടികളുമടക്കമുള്ള മറ്റുരാജ്യങ്ങളിലെ പൗരന്മാരെയും ഉള്‍പ്പെടെ ബന്ദികളാക്കുകയും കുട്ടികളെ വധിക്കുകയും ചെയ്യുന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റേത് ചെറുത്തുനില്‍പ്പാണെന്നും സജീവന്‍ പറഞ്ഞു. ഇന്ത്യയും യുഎസ്സുമടക്കമുള്ള മുന്‍നിര ജനാധിപത്യ രാജ്യങ്ങള്‍ ഈ കാരണങ്ങളാലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതെന്നും സജീവന്‍ പറഞ്ഞു.

നേരത്തെ, മുസ്‌ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നിരുന്നു. നവംബർ 23-ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രിയടക്കം രംഗത്തെത്തുകയും വിവിധ പരാതികളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
 

  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു