മുട്ടില്‍ മരംമുറിയില്‍ കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി ബിജെപി; കുഴൽപ്പണക്കേസിനെതിരെ മറുമരുന്ന് തേടി ബിജെപി

surendran

തിരുവനന്തപുരം: കുഴല്‍പ്പണക്കേസും തെരഞ്ഞെടുപ്പ് വിവാദങ്ങളും നേരിടാന്‍ പ്രത്യാക്രമണതന്ത്രവുമായി ബിജെപി. മുട്ടില്‍ മരംമുറിയില്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ഇടപെടലിനാണു ബിജെപി ശ്രമിക്കുന്നത്. വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹിയിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കാണും. 

വനംവകുപ്പ് ഉള്‍പ്പെട്ട കേസായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ ഭരണഘടനപരമായ തടസമില്ലെന്നും കേന്ദ്രനിയമങ്ങളുടെ ലംഘനമുണ്ടായെന്നും ബിജെപി വ‍ൃത്തങ്ങള്‍ പറയുന്നു. കൊടകര കേസിനെതിരെ സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഇതൊരു അവസരമായി എടുക്കാനനാണ് ബിജെപി പദ്ധതി. 

കൊടകരകുഴല്‍പ്പണക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ കൃത്യമായ പ്രതിരോധം തീര്‍ക്കുവാനും പാര്‍ട്ടി നിലപാട് അണികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുവാനും കഴിഞ്ഞില്ലെന്ന വിമര്‍ശനം ബിജെപിക്ക് അകത്തുതന്നെയുണ്ട്. ആരോപണങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ പിന്നോട്ട് പോയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചടിക്ക് ബിജെപി തുനിഞ്ഞിറങ്ങിയിരിക്കുന്നത്.