ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ; അമിത് ഷായുമായി കൂടിക്കാഴ്ച്ച

surendran

ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്ന് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്രമന്ത്രി വി.മുരളീധരനും ഒപ്പമുണ്ടാകുമെന്ന് സൂചന. കൊടകര കുഴൽപ്പണ വിവാദം,തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉയർന്ന പരാതികളെ തുടർന്ന് ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്ന് സൂചന.

സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയവും സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന കുഴല്പണമിടപാടും സംബന്ധിച്ച് ആരോപണങ്ങളിലും പാർട്ടി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചിരുന്നു.വിവാദങ്ങളെ കുറിച്ച് സുരേന്ദ്രനിൽ നിന്നും വിശദീകരണം തേടും.

കേരളത്തിലെ സംഭവങ്ങൾ ദേശീയ തലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. കേരളത്തിലെ വിഷയം ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. പാർട്ടിക്ക് കേരളത്തിൽ സീറ്റ് ലഭിച്ചില്ല എന്നതിനൊപ്പം വലിയ രീതിയിൽ വോട്ട് ചോർച്ചയും ഉണ്ടായതായി രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശീയ ജനറൽ സെക്രെട്ടറിമാരുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടികാട്ടുന്നു.