നാർക്കോട്ടിക് ജിഹാദ്: ബിഷപ്പിനെ പിന്തുണച്ച് ബിജെപി; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചു

Pala bishop
 

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പിനെ പിന്തുണച്ച് ബിജെപി. കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. 

കോൺഗ്രസ്സിനും സിപിഎമ്മിനും എതിരെ ഉള്ളത് ഗുരുതര വിമർശനങ്ങളാണ് കത്തിലുള്ളത്. അപ്രിയ സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരിൽ ജിഹാദികളും കോൺ​ഗ്രസ്-സി.പി.എം ഉൾപ്പെടെയുള്ള കപട മതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാ​ദും യാഥാർത്ഥ്യമാണെന്നും അമുസ്‍ലിംകളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകള്‍ മുന്നോട്ടുപോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്നും ബി.ജെ.പി സംരക്ഷിക്കുമെന്നും നേരത്തെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് തുടങ്ങിയവർ വ്യക്തമാക്കിയിരുന്നു. ബിഷപ്പ് സത്യം വിളിച്ചുപറയുന്നതില്‍ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ജാഥയില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു.