മുട്ടില്‍ മരംമുറി വിവാദത്തിൽ സജീവമാകാൻ ബിജെപി; വി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്ദർശിക്കും

muraleedharan

കൽപറ്റ: കുഴൽപ്പണ വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ വയനാട് മുട്ടില്‍ മരംമുറി വിവാദത്തില്‍ സജീവമായി ഇടപെടാന്‍ ബിജെപി. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം മുട്ടിലില്‍ എത്തും. കുമ്മനം രാജശേഖരന്‍, എം.ടി.രമേശ് എന്നീ നേതാക്കളാണ് സംഘത്തിലുള്ളത്. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 
സംഘത്തിലുണ്ടാകില്ല. 

മുട്ടില്‍ വില്ലേജില്‍ വാഴവറ്റയിലെ ആദിവാസി കോളനിയിലാകും ഇവര്‍ ആദ്യം എത്തുക. വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം നേരത്തേ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. മരം കൊള്ളയെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ മന്ത്രാലയ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഉത്തരവിനു പിന്നിലുള്ളതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ 15 കോടി രൂപയുടെ ഈട്ടിത്തടി കടത്തിനും ചുക്കാന്‍ പിടിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളിലാണെന്നാണു സൂചന. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിച്ചെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള വിചിത്രമായ ഉത്തരവ് റവന്യൂ വകുപ്പിനെ കൊണ്ട് ഇറക്കിച്ചതും മൂന്നു മാസത്തിനുള്ളില്‍ പിന്‍വലിപ്പിച്ചതും വിവാദമായിരിക്കുകയാണ്. 

ആദിവാസികളെ ഉള്‍പ്പെടെ കബളിപ്പിച്ചാണ് മരംകൊള്ള നടന്നിരിക്കുന്നത്. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍ (ചന്ദനം ഒഴികെ) വെട്ടാനുള്ള ലൈസന്‍സ് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രധാന പ്രതികള്‍ മരങ്ങള്‍ വെട്ടാനുള്ള കരാര്‍ ഒപ്പിട്ടതെന്നാണു കരുതുന്നത്. വയനാടിനു പുറമേ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഈട്ടി മരം മുറിച്ചു കടത്തിയിട്ടുണ്ടെന്നാണ് സൂചന. റവന്യൂ വകുപ്പില്‍നിന്ന് കഴിഞ്ഞ ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ ചുവടു പിടിച്ചാണ് വ്യാപക മരം മുറി നടന്നിരിക്കുന്നത്. ഈ ഉത്തരവ് വ്യാപകമായി മരംവെട്ടിന് വഴിയൊരുക്കും എന്ന് ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ റവന്യൂ ഉന്നതരെ ധരിപ്പിച്ചെങ്കിലും ആരും അനങ്ങിയില്ല.

ഉത്തരവ് തിരുത്താനോ റിസര്‍വ് മരങ്ങള്‍ വെട്ടാന്‍ പാടില്ലെന്ന് വ്യക്തത വരുത്താനോ റവന്യൂ വകുപ്പ് തയാറാവാത്തതിനെ തുടര്‍ന്നാണ് വ്യാപക മരം മുറി തുടങ്ങിയത്. ഉത്തരവിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയ ജില്ലാ കലക്ടര്‍മാര്‍ക്ക് 'ഇതേ കുറിച്ച് തല്‍ക്കാലം ആശങ്കപ്പെടേണ്ട, ഉത്തരവ് തിരുത്തുന്നില്ല' എന്ന മറുപടിയാണ് ലഭിച്ചത്. മറ്റു ചില ജില്ലകളിലാകട്ടെ ഉത്തരവിലെ പ്രശ്‌നങ്ങള്‍ കലക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടപ്പോഴേക്കും രണ്ടോ മൂന്നോ ലോഡ് ഈട്ടിമരങ്ങള്‍ പോയിക്കഴിഞ്ഞിരുന്നു. സ്വന്തം ആള്‍ക്കാര്‍ക്ക് വേണ്ട മരങ്ങള്‍ മുറിച്ചു കഴിഞ്ഞെന്ന് വ്യക്തമാവുകയും ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് മൂന്നു മാസത്തിനു ശേഷം പിന്‍വലിച്ചത്.