
തിരുവനന്തപുരം: വാമനപുരത്ത് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. കാരേറ്റ് മേഖലയിലെ വർക്ക് ഷോപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന ബസിലാണ് മൃതദേഹം കണ്ടെത്തിയത്.
ആക്രി വ്യാപാരിയായ കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ബാബുവിന്റെ മൃതദേഹം ബസിനുള്ളിൽ എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നിനാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കണ്ടത്. വീട്ടുകാരുമായി പിണങ്ങി തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ബാബു ആക്രി പെറുക്കിയാണ് ഉപജീവനം നടത്തിയിരുന്നത്. കടത്തിണ്ണകളിലും വഴിയിൽ നിർത്തിയിട്ടിരുന്ന ബസുകളിലുമാണ് ഇയാൾ രാത്രി ഉറങ്ങിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
പരിശോധനകൾക്കുശേഷം പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബുവാണെന്നു സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്നു വ്യക്തമാകൂ. അന്വേഷിക്കും. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു.