ആർഎസ്എസ് നേതാക്കളുടെ പുസ്തകം: പ്രതികരിക്കാതെ സിപിഎം, അനുകൂലിച്ച് എസ്എഫ്ഐ; എതിർത്ത് സിപിഐ, ലീഗ്

Savarkar

കോഴിക്കോട്: കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പിജി സിലബസിൽ ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങൾ  ഉൾപ്പെടുത്തിയ വിഷയത്തിൽ സിപിഎം പ്രതികരിച്ചില്ല. അതേസമയം, സർവ്വകലാശാല നടപടിയെ ശക്തമായി എതിർത്ത് സിപിഐ രംഗത്തെത്തി. ഉത്തരേന്ത്യയിലെ കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കുകയാണെന്ന ആരോപണവുമായി മുസ്‌ലിം ലീഗുകാരും രംഗത്തെത്തി.
   
സിപിഎം പ്രതികരിക്കാതിരിക്കുന്ന സമയത്ത് തന്നെ വിഷയത്തിൽ അനൂകൂല നിലപാടുമായി എസ്എഫ്ഐ രംഗത്തെത്തി. എസ്എഫ്ഐ ജില്ലാ ഭാരവാഹിയായ സർവ്വകലാശാല യൂണിയൻ ചെയർമാൻ ഇതിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. സിലബസ് പിൻവലിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്നാണ് യൂണിവേഴ്സിറ്റി യൂണിയൻ പറയുന്നത്. സമരം ചെയ്യുന്ന എഐഎസ്എഫിനെ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും യൂണിയൻ ചെയർമാൻ വ്യക്തമാക്കുന്നു.

എന്നാൽ സിപിഐയുടെ വിദ്യാർത്ഥി സംഘടന എതിർത്ത് രംഗത്തെത്തി. ഒപ്പം സിപിഐ ദേശീയനേതാവും എംപിയുമായ ബിനോയ്  വിശ്വം തീരുമാനത്തിനെതിരെ തുറന്നടിച്ചു. ആർഎസ്എസ് കാര്യപരിപാടികൾ ഉൾപ്പെടുത്താനുള്ള ശ്രമമാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

സംഘപരിവാർ അനൂകുല സർക്കാരുകൾ നടപ്പാക്കുന്ന കാര്യമാണ് കേരളത്തിലും നടക്കുന്നതെന്നാണ് ലീഗിന്റെ വിമർശനം. കണ്ണൂർ സർവകലാശാല സിലബസ് അംഗീകരിക്കാനാവില്ലെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

അക്കാദമിക് രംഗത്തെ കാവിവൽക്കരണത്തിനെതിരെ എസ്എഫ്ഐയും സിപിഎമ്മും രാജ്യവ്യാപകമായി പ്രചാരണം നടത്തുമ്പോഴാണ് കണ്ണൂർ സർവ്വകലാശാലയിലെ സിപിഎം അനുകൂലികളായ വിസിയും അധ്യാപകരും ചേർന്ന് രാജ്യത്തെ ആർഎസ്സ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയത്.