ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം; പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും അവധി

school
 

കൊച്ചി: ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ  തീപിടിത്തത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളില്‍ സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ജില്ലാ കളക്ട‍ര്‍ അവധി പ്രഖ്യാപിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്‍റെ ഭാഗമായാണ് അവധി.

വടവുകോട് - പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 09-03-2023, 10-03-2023 (വ്യാഴം, വെള്ളി) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. 

അങ്കണവാടികള്‍, കിന്റര്‍ ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉള്‍പ്പടെ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
 
തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷനും ജില്ലാ കലക്ടർക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പ്ലാന്റിൽ ഇന്നു രാത്രി 8 മണിക്കകം വൈദ്യുതി എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിന് ശക്തമായ സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി കൊച്ചി കോർപ്പറേഷനെയും, ജില്ല കലക്ടറെയും രൂക്ഷമായി വിമർശിച്ചത്. ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നുവെന്ന് കലക്ടർ വിശദീകരിച്ചപ്പോൾ നടപടികൾ വേണ്ടവിധം പൊതുജനശ്രദ്ധയിൽ എത്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു.