പത്രിക പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കി; കെ സുരേന്ദ്രനെതിരെ കേസെടുത്തു

k sure

കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻവാങ്ങാൻ ബി.എസ്.പി സ്ഥാനാർഥിക്ക് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ  പൊലീസ് കേസെടുത്തു. ഐപിസി 171 (B), 171 (E) വകുപ്പുകള്‍ അനുസരിച്ച് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. 

മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി വി.വി. രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതിചേർക്കുന്നതിലും സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും പൊലീസിന് ആലോചനയുണ്ട്. 

രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും ലഭിച്ചത് കൊണ്ടാണ് നാമനിർദേശ പത്രിക പിൻവലിച്ചതെന്ന് കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപിക്കെതിരെ പരാതി ഉയർന്നത്. കെ.സുരേന്ദ്രനെതിരെ കേസെടുക്കാൻ ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ ആദ്യം പൊലീസിൽ പരാതി നൽകി. കോടതി ഇടപെടൽ ആവശ്യമായതിനാൽ, പിന്നീട് കോടതിയിൽ അപേക്ഷയും നൽകി. തുടർന്ന് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേട്ട് കോടതിയുടെ അനുമതിയോടെ സുരേന്ദ്രനെതിരെ കേസെടുത്ത ബദിയടുക്ക പൊലീസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

നിലവിലെ എഫ്ഐആറിൽ സുരേന്ദ്രനെതിരെ മാത്രമാണ് കേസ്. ഐപിസി 172 (B) വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനാകില്ല. അതിന് കോടതിയുടെ അനുമതി വേണം. എന്നാൽ ബദിയടുക്ക പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ പത്രിക പിൻവലിക്കാനാവശ്യപ്പെട്ട് ബിജെപി നേതാക്കൾ തട്ടിക്കൊണ്ട് പോയെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നൽകിയിട്ടുണ്ട്.

ഇതുൾപ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൂടി എഫ്ഐആറിനൊപ്പം ചേർക്കുമ്പോൾ കേസിൽ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. സുന്ദരയുടെ മൊഴിയനുസരിച്ച് പണം നൽകാൻ വീട്ടിലെത്തിയ ബിജെപി സംഘത്തിലുണ്ടായിരുന്ന സുനിൽ നായ്ക്, സുരേഷ് നായക്, അശോക് ഷെട്ടി എന്നിവരെയും പ്രതി ചേർക്കാനാണ് പൊലീസ് നീക്കം.