മദ്യപാനത്തിനിടെ തർക്കം; സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

dead
 

തിരുവല്ല: സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷ് (43) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്നാണ് സഹോദരൻ സജീവിനെ (39) സന്തോഷ് വെട്ടിയത്. തലയ്ക്ക് വെട്ടേറ്റ അനുജൻ സജീവ് ആശുപത്രിയിലാണ്.


ഉച്ചയ്ക്ക് 2.45ഓടു കൂടിയായിരുന്നു സംഭവം. സന്തോഷും അനുജൻ സജീവനും വീട്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് സജീവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തുനിന്ന് ഓടിയ സന്തോഷ് തൊട്ടടുത്തുള്ള പഞ്ചായത്ത് ഓഫിസിന്റെ മതിൽ ചാടിക്കടന്നു. മതിലിനോട് ചേർന്നുണ്ടായിരുന്ന എർത്ത് കമ്പിയിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നു. 

കനത്ത മഴമൂലം പഞ്ചായത്ത് ഓഫിസിലും പരിസരത്തും വെള്ളം കയറിക്കിടക്കുകയായിരുന്നു. സന്തോഷിനെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 


മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണ് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.