ദിലീപിനെ സഹായിച്ച വിഐപി താനെല്ലെന്ന് വെളിപ്പെടുത്തി വ്യവസായി മെഹബൂബ് രംഗത്ത്; തന്നെ ചേർത്ത് പ്രചരിക്കുന്ന കഥകൾ അറിയില്ല

mehaboob
കോട്ടയം: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ  (Dileep) സഹായിച്ചെന്ന് ആരോപിക്കുന്ന വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെ അത് താനല്ലെന്ന് വിശദീകരിച്ച് കോട്ടയം സ്വദേശിയായ വ്യവസായി രംഗത്ത്. പീഡനം പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ബാലചന്ദ്രകുമാർ ആരോപിക്കുന്ന കോട്ടയം സ്വദേശി മെഹബൂബാണ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ദിലീപിന്റെ വീട്ടിൽ പോയത് ഒരു തവണ മാത്രമാണ് അത് മൂന്ന് കൊല്ലം മുമ്പാണെന്ന് മെഹബൂബ് പറയുന്നു. ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഒക്കെ ഉണ്ടായിരുന്നുവെന്നും  ഇയാൾ പറയുന്നു. ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് അന്ന് പോയത്. അതിന് കേസുമായി ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. 

ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ലെന്നും മെഹബൂബ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല, തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓർക്കുന്നുമില്ലെന്നാണ് മെഹബൂബ് പറയുന്നത്. 

താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ഈ പെൻഡ്രൈവ് ലാപ്ടോപിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാൾ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിൽ ഇരുന്ന് ചീത്ത പറഞ്ഞാൽ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. 

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ വിഐപി എന്ന് വിശേഷിപ്പിച്ച വ്യക്തിയെ ആറാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ വിഐപിയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയ പോലീസ് ആറ് ഫോട്ടോകളാണ് ബാലചന്ദ്രകുമാറിന് തിരിച്ചറിയാൻ നൽകിയത്.