'ജാതി വിവേചനം കാണിക്കുന്നു'; കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരേ എസ്‌സി/എസ്ടി കമ്മീഷന്‍

google news
calicut
 

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ പട്ടികജാതി വിവേചനമുണ്ടെന്ന് എസ്.സി-എസ്.ടി കമീഷൻ. പഠനവകുപ്പിലെ പട്ടികജാതിയിൽപെട്ട അധ്യാപികക്ക് വകുപ്പ് മേധാവി സ്ഥാനം വിലക്കിയത് വിവേചനപരമാണ്. അധ:സ്ഥിത വിഭാഗങ്ങൾക്കെതിരെ വിവേചനം കാണിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ സമിതികളിൽ അംഗങ്ങളാകുന്നവർ പ്രതിജ്ഞ ചെയ്യണമെന്ന ശിപാർശ കാലിക്കറ്റിൽ നടപ്പാക്കാൻ ചാൻസലർ പരിഗണിക്കണമെന്ന് എസ്.സി-എസ്.ടി കമീഷൻ അധ്യക്ഷൻ ബി.എസ്. മാവോജി നിർദേശിച്ചു.
  
അധ്യാപികയായ ഡോ ദിവ്യക്ക് ലഭിക്കേണ്ടിയിരുന്ന വകുപ്പ് മേധാവി പദവി നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സര്‍വകലാശാലയ്‌ക്കെതിരെ രംഗത്തെത്തിയത്. പട്ടികജാതിയില്‍ ഉള്‍പ്പെട്ട വനിതയായതുകൊണ്ടാണ് പദവി നിഷേധിക്കുന്നതെന്നും പദവി നല്‍കാതെ സിന്‍ഡിക്കേറ്റിലെ ചില അംഗങ്ങള്‍ വിലക്കിയത് വിവേചനപരമാണെന്നും കമ്മീഷന്റെ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

സർവകലാശാലയിലെ കംപാരറ്റീവ് ലിറ്ററേച്ചർ അധ്യാപികയാണ് ഡോ.ദിവ്യ. ഇവരെ വകുപ്പ് മേധാവിയാകാത്തത് ഹൈക്കോടതിയും സുപ്രിംകോടതിയും ചോദ്യം ചെയ്തിരുന്നു. എസ് സി/ എസ് ടി കമ്മിഷന്‍ തെളിവെടുപ്പിനെ തുടര്‍ന്ന്, സിന്‍ഡിക്കേറ്റ് തീരുമാനം അവഗണിച്ച് വിസി ഡോ ദിവ്യയ്ക്ക് വകുപ്പ് മേധാവിയായി നിയമനം നല്‍കി ഉത്തരവ് ഇറക്കിയിരുന്നു. വിസിയുടെ നടപടിയെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.

ദിവ്യയ്ക്ക് വകുപ്പ് മേധാവി പദവി ലഭിക്കാന്‍ അര്‍ഹതയില്ലെന്നും, പ്രൊബേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്നുമുള്ള സര്‍വകലാശാലയുടെ വാദം അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ ദിവ്യയെ അസിസ്റ്റന്‍ഡ് പ്രൊഫസറായി നിയമിക്കുകയും 2022ല്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വകുപ്പ് മേധാവി സ്ഥാനം സ്വീകരിക്കാനുള്ള അപേക്ഷ നേരിട്ട് നല്‍കിയെന്ന കാരണത്താല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ദിവ്യയോട് വിശദീകരണം തേടിയിരുന്നു.

സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രതിനിധി ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ടെങ്കിലും നിലവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഈ വിഭാഗത്തിന്റെ പ്രതിനിധ്യം ഉറപ്പാക്കാന്‍ വിസി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17 പ്രകാരം തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയെങ്കിലും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വ്യക്തികള്‍ ഇന്ന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ അധികാരങ്ങള്‍ കയ്യാളുന്നത് വേദനാജനകമാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.
 
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിൽ പരാതിക്കാരന്റെയും സർവ്വകലാശാല രജിസ്ട്രാറുടെയും വിശദീകരണങ്ങളും സർവകലാശാല രേഖകളും നേരിട്ട് പരിശോധിച്ച ശേഷമാണ് കമീഷന്റെ ഉത്തരവ്. 

Tags