സമാവര്‍ത്തി ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്രം ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നതിനോട് യോജിക്കാനാവില്ല: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സമാവര്‍ത്തി ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കാലത്തായി ഫെഡറൽ തത്വങ്ങളെ ലംഘിച്ച് നിരവധി നിയമ നിർമാണങ്ങൾ കേന്ദ്രസർക്കാർ നടത്തിയിട്ടുണ്ട്. സമാവർത്തി ലിസ്റ്റിലുള്ള കച്ചവടവും വാണിജ്യം വഴി സംസ്ഥാന ലിസ്റ്റിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമങ്ങൾ സംസ്ഥാനവുമായി ചർച്ചയില്ലാതെ കേന്ദ്രം പാസാക്കിയിട്ടുണ്ട്. ഇത് വലിയ തോതിലുള്ള കർഷക പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിവച്ചു. വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷതകൾ കണക്കിലെടുക്കാതെ കേന്ദ്രീകരണത്തിന് വഴി തെളിക്കുന്നതും സ്വകാര്യവൽക്കരണത്തിന് ഊന്നൽ നൽകുന്നതുമായ നയരൂപീകരണം നടന്നിട്ടുണ്ട്.

പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ എടുത്തുകളയാൻ വ്യവസ്ഥ ചെയ്യുന്നു. വൈദ്യുതി പരിഷ്കരണ ബില്ലിന്റെ കാര്യത്തിലും ആരോഗ്യമേഖലയിലെ പരിഷ്കരണത്തിലും വലിയ തോതിലുള്ള കേന്ദ്രീകരണമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. ഇതുമായി മുന്നോട്ടുപോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കണം. ജിഎസ്ടി നഷ്ടപരിഹാരം സമയബന്ധിതമായി നടപ്പിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണം. വായ്പാ പരിധിയുടെ നിബന്ധനകള്‍ നീക്കം ചെയ്യണം. സെക്ടറല്‍ സ്‌പെസിഫിക്, സ്റ്റേറ്റ് സ്‌പെസിഫിക് ഗ്രാന്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇടപെടണം.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ചിലവഴിക്കാനുള്ള നിബന്ധനകള്‍ പരമാവധി ഒഴിവാക്കി ചട്ടങ്ങള്‍ ലഘൂകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഔദ്യോഗികതലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കുന്നതിന് ഇടപെടണം. 

കമ്പനി നിയമം പ്രകാരം സിഎസ്ആർ ൽ പെടുന്ന ചെലവുകളിൽ സംസ്ഥാന സർക്കാരുകളുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉൾപ്പെടുന്നില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ടുകളും പി എം കെ യേഴ്സ് ഫണ്ടും  കമ്പനി നിയമത്തിലെ ഷെഡ്യൂൾ 7 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെയും  ഷെഡ്യൂൾ 7 ൽ  ഉൾപ്പെടുത്തണം. അത് ചെയ്യാതിരിക്കുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇക്കാര്യം  ചൂണ്ടിക്കാട്ടി നേരത്തെ കേന്ദ്രത്തിൽ കത്തയച്ചിട്ടുണ്ട്. ഈ ആവശ്യം അംഗീകരിക്കാൻ ഇടപെടണം. 

പ്രഖ്യാപിച്ച എല്ലാ ദേശീയപാതാ വികസന പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാന്‍ ആവശ്യപ്പെടണം. റെയില്‍വേ, വിമാനത്താവള വികസന കാര്യങ്ങളും ഉന്നയിക്കണം.

മടങ്ങിപോകുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ അനുവദിക്കണം. മടങ്ങിയെത്തുന്ന പ്രവാസികളുടെ അതിജീവനത്തിന് കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം. കോട്ടപ്പുറം - കോഴിക്കോട് ദേശീയ ജലപാതയ്ക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കണം. തീരശോഷണം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കണം.

ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പലതിന്റെയും സൂചനകളാണ് ലക്ഷദ്വീപില്‍ കാണുന്നത്. കേരളവുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഏകകണ്ഠമായി ശക്തമായ പ്രതിരോധം തീര്‍ക്കണം. നാടിന്റെ വികസനത്തിന് സഹായകമാകുന്ന നില എല്ലാവരും സ്വീകരിക്കണം. സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യോജിച്ച നീക്കമുണ്ടാവണമെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍, എം.പിമാര്‍, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.