ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം; സിപിഎം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു: കെ സുധാകരൻ

k sudhakaran

തിരുവനന്തപുരം: ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തിരഞ്ഞെടുപ്പ് നടന്ന കോളജുകളെ കലാപഭൂമിയാക്കിയത് ഇടത് യുവജന സംഘടനകളുടെ സംഘടിത ആസൂത്രണമാണ്. ധീരജിൻ്റെ രക്തസാക്ഷിത്വത്തെ മുന്‍നിര്‍ത്തിയുള്ള സിപിഎമ്മിൻ്റെ  വിലാപങ്ങളില്‍ തെല്ലും ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധീരജിൻ്റെ മരണവാര്‍ത്ത കേട്ട് ദുഃഖിച്ചിരിക്കേണ്ട സമയത്ത് സ്മാരകം പണിയാന്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു. സ്ഥലം വാങ്ങി രേഖയുണ്ടാക്കാനുള്ള തിടുക്കത്തിലായിരുന്നു. ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍, കരയേണ്ട സാഹചര്യത്തില്‍ ഭൂമി വാങ്ങാന്‍ പോകുകയാണ് കണ്ണൂരിലെ സിപിഎമ്മുകാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

വിലാപയാത്ര നടക്കുമ്പോള്‍ തിരുവാതിര നടത്തി പാര്‍ട്ടി ആഘോഷിക്കുകയാണ് ചെയ്തത്. തിരുവനന്തപുരത്ത് നടന്ന തിരുവാതിര കളി ആസ്വദിക്കാന്‍ എം എ ബേബി അടക്കമുള്ള നേതാക്കളാണ് എത്തിയത്. ആലപ്പുഴയില്‍ നടന്നതും മാധ്യമങ്ങള്‍ക്ക് അറിയില്ലേ?. ഒരു രക്തസാക്ഷിയെ കിട്ടിയത് സിപിഎം ആഹ്ലാദപൂര്‍വം കൊണ്ടാടുകയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. 

കഴിഞ്ഞകുറേ ദിവസങ്ങളായി അവിടെ അക്രമപരമ്പരകള്‍ അരങ്ങേറുകയാണ്. എഞ്ചിനീയറിങ്, ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ പൊതുവെ കെ എസ് യു ദുര്‍ബലമാണ്. എന്നാല്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. അഭൂതപൂര്‍വമായ വിജയമാണ് കെ എസ് യു ഇത്തവണ നേടിയത്. ഒമ്പത് കോളജുകളില്‍ ആറിടത്ത് വിജയിച്ചു നില്‍ക്കുകയാണ്.

ഇടുക്കി കോളജില്‍ വോട്ടെണ്ണിയാലും കെ എസ് യു തന്നെ വിജയിക്കും. ഇതില്ലാതാക്കാന്‍ ആഴ്ചകളായി ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ക്യാമ്പ് ചെയ്തിരുന്നതായും കെ സുധാകരന്‍ ആരോപിച്ചു. മുമ്പ് രണ്ടുതവണ തല്ലുണ്ടായി. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കയറിയും അദ്ദേഹത്തെ ആക്രമിച്ചു. 

വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്. കൊല്ലത്തെ എംപി എന്‍ കെ പ്രേമചന്ദ്രന്‍ എന്താണ് ചെയ്തത്?. എന്തിനാണ് അദ്ദേഹത്തിൻ്റെ കാര്‍ ഇടിച്ചു തകര്‍ത്തത്?. അവിടെ നടന്നത് എന്താണെന്ന് ഇടുക്കി എസ് പിയുടെ പ്രസ്താവന ശ്രദ്ധിച്ചാല്‍ മനസ്സിലാകും. എന്താണ് നടന്നതെന്ന് എസ് പി മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവന നടത്തിയ എസ് പിയെ മുന്‍മന്ത്രി എം എം മണി ഇന്നും രാവിലെ ഭീഷണിപ്പെടുത്തിയെന്നും സുധാകരന്‍ പറഞ്ഞു. 

പോലീസുകാരെ ഭയപ്പെടുത്തി വരുത്തിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ്. പോലീസ് സേനയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. മഹാഭൂരിപക്ഷം പോലീസുകാരും സിപിഎമ്മിൻ്റെ കിങ്കരന്മാരും പണിയാളുകളുമായി പ്രവര്‍ത്തിക്കുന്നു. പോലീസ് സംവിധാനത്തില്‍ പാളിച്ചകളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിച്ചു. അത് തിരുത്തുമെന്നും പറഞ്ഞു. അത് തിരുത്തി നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിൻ്റെ അവസാനത്തെ ഭരണമായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

ഇതിനിടെ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കെപിസിസി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡിവൈഎഫ്ഐ വിമർശനം ഉന്നയിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു. അതേസമയം, ധീരജിൻ്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.