അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ല; പരിശോധനാ ഫലം ഹൈക്കോടതിയിൽ സമർപ്പിച്ചു

അരവണയില്‍ ഉപയോഗിക്കുന്ന ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ല; പരിശോധനാ ഫലം ഹൈക്കോടതിയിൽ സമർപ്പിച്ചു
 

പത്തനംതിട്ട: ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്ന  ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.  ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഏലയ്ക്കയുടെ ഗുണനിലവാരം പരിശോധിച്ചത്.  

ഏലയ്ക്കയില്‍ അനുവദനീയമായ അളവിനേക്കാള്‍ കൂടുതല്‍ രാസവസ്തു അടങ്ങിയിരിക്കുന്നു  എന്നായിരുന്നു കണ്ടെത്തല്‍. സ്‌പൈസസ് ബോർഡ് ലാബിലായിരുന്നു പരിശോധന നടത്തിയത്. വിഷയത്തിൽ എഫ്.എസ്.എസ്.എ.ഐ ജോയിന്റ് ഡയറക്ടർ നാളെ റിപ്പോർട്ട് സമർപ്പിക്കും.

ശബരിമലയില്‍ പതിവായി ഏലയ്ക്ക വിതരണം ചെയ്തിരുന്ന അയ്യപ്പ സ്പൈസസ് കമ്പനിയാണ് ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. ഈ വര്‍ഷം  അയ്യപ്പ സ്പൈസസ് കമ്പനിയെ ഒഴിവാക്കി മറ്റൊരുകമ്പനിയ്ക്ക്  കരാര്‍ നല്‍കുകയായിരുന്നു.  

അതേസമയം ടെൻഡർ നടപടികൾ പാലിക്കാതെ കരാർ നൽകിയതും ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ വ്യക്തിയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഏലയ്ക്കയുടെ ഗുണനിലവാരം പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ട്. ഇതിന് ശേഷമാണ് ഏലയ്ക്ക സന്നിധാനത്തേക്ക് അയക്കുന്നത്.