കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിച്ച് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂ ഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.
കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്. സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്നും ആലഞ്ചേരി കോടതിയില്‍ ആരോപിച്ചു. അതേസമയം, ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും.
സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.