വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചു; പരാതി നല്‍കി പി.വി അന്‍വര്‍ എം.എല്‍.എ; ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്

police
 

കോഴിക്കോട്: വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ എഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ പൊലീസ് കേസെടുത്തു. പി.വി അൻവർ എം.എൽ.എയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. 

കെ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്. പോക്സോ, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത നൽകിയെന്നതാണ് പി.വി അൻവർ എം.എൽ.എ ചാനലിനെതിരെ നൽകിയ പരാതി. ഡി.ജി.പിക്കാണ് എം.എൽ.എ ഇതുസംബന്ധിച്ച പരാതി നൽകിയത്.

പിന്നീട് ചാനലിന്റെ കോഴിക്കോട് സ്റ്റൂഡിയോ സ്ഥിതി ചെയ്യുന്ന സ്റ്റേഷൻ പരിധിയായ വെള്ളയിൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചക്കാണ് പൊലീസ് ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്.

പോക്‌സോയിലെ 19, 21 എന്നീ വകുപ്പുകൾ പ്രകാരവും വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗുഢാലോചന എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാക പെൺകുട്ടി പീഡനത്തിനിരയായെന്ന് അറിഞ്ഞിട്ടും അത് മറച്ചുവെച്ചുവെന്നതാണ് പോക്‌സോ കേസിലെ 19, 21 വകുപ്പുകൾ. കൂടാതെ വ്യാജവാർത്തകളുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ അതിക്രമത്തില്‍ കെയുഡബ്ല്യുജെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സെക്രട്ടറിയേറ്റിലേക്ക് കെയുഡബ്ല്യുജെ മാര്‍ച്ച് നടത്തും.
 

ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചു.