കാണാതായ ജെസ്ന മതപഠന കേന്ദ്രത്തിലുണ്ടെന്ന വാദം തള്ളി സിബിഐ

jasna maria

കൊച്ചി: കാണാതായ ജെസ്ന മരിയ ജെയിംസ് ഏതെങ്കിലും മതപഠന കേന്ദ്രത്തിലുണ്ടെന്ന വാദം തള്ളി സിബിഐ അന്വേഷണ സംഘം. ഒരു ട്രെയിനിൽ പോലും കയറി പരിചയമില്ലാത്ത പെൺകുട്ടിയാണ് ജെസ്ന. ഒരു തവണ കാറിൽ തൃശൂർ വരെ പോയിട്ടുള്ളതല്ലാതെ ജില്ലവിട്ടുള്ള യാത്രകളും ഉണ്ടായിട്ടില്ലെന്നാണ് ബോധ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. 

മൂന്ന് വർഷം മുൻപ് കാണാതായ ജസ്‌നയെ കണ്ടെത്തുന്നതിനായി ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചു രണ്ടു മാസമായിട്ടും ജെസ്നയെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം കൊച്ചി കേന്ദ്രീകരിച്ചുള്ള ഒരു സംഘടന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാൻ നിർദേശിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

2018 മാർച്ച് 28നു രാവിലെ 9.30നാണ് ജെസ്ന മുക്കൂട്ടുത്തറയിലെ വീട്ടിൽനിന്നു ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പുറത്തുപോകുന്നത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായിരുന്ന ജെസ്നയെ കാണാതായെന്ന കേസിൽ ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.