സ്വകാര്യബസുകളില്‍ സി.സി.ടി.വി ക്യാമറ വെക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

google news
high court
 chungath new advt

കൊച്ചി: സ്വകാര്യബസുകളില്‍ സി.സി.ടി.വി. ക്യാമറ വെക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടിയ കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഉത്തരവിനെതിരായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ഫയല്‍ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്. 

നവംബര്‍ ഒന്നുമുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു കമ്മിഷണറുടെ ഉത്തരവ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും കേന്ദ്രം ഇക്കാര്യത്തില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടില്ലാത്തതിനാല്‍ ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിന് നിഷ്‌കര്‍ഷിക്കാനാകില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ബസ് ലോറി ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് മുന്‍പ് തന്നെ അറിയിച്ചിരുന്നു. നവംബര്‍ മാസത്തിലെ ആദ്യ ആഴ്ച വിവിധ ജില്ലകളിലായി നാനൂറിലധികം ബസുകളാണ് പരിശോധനയ്ക്കെത്തിയത്. ഇതില്‍ 250-ഓളം ബസുകള്‍ ക്യാമറയും സീറ്റ് ബെല്‍റ്റുമില്ലാത്തതിനാല്‍ ഫിറ്റ്‌നസ് നല്‍കാതെ തിരിച്ചയയ്ക്കുകയും ചെയ്തു.


സംസ്ഥാനത്ത് 7000-ത്തോളം സ്വകാര്യബസുകളാണുള്ളത്. ഇതില്‍ 1260 ബസുകളിലാണ് ഇതുവരെ ക്യാമറ വെച്ചിട്ടുള്ളതെന്നായിരുന്നു മുന്‍പ് പുറത്തുവന്ന കണക്കുകള്‍. റോഡിലെ ദൃശ്യങ്ങളും ബസിനകത്തെ ദൃശ്യങ്ങളും വ്യക്തമാകുന്ന രണ്ട് ക്യാമറകളാണ് സ്ഥാപിക്കേണ്ടതെന്നായിരുന്നു ഉത്തരവ്.

   

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു