സിമിന്‍റ് വില വര്‍ദ്ധനവ്; നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി

p rajeev


തിരുവനന്തപുരം: സിമിന്‍റ് വില വര്‍ധനവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി പി രാജീവ്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് യോഗം. 

സംസ്ഥാനത്ത് സിമന്റിന്‍റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് യോ​ഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടർന്ന് വിളിച്ചിട്ടുണ്ട്.


അടുത്ത മാസം ഒന്നുമുതല്‍ ഒരു ചാക്ക് സിമന്‍റിന് 30 രൂപ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ലോക്ക്ഡൌണ്‍ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില. ഇത് 50 മുതല്‍ 60 രൂപവരെ കൂട്ടി ഒരു ചാക്ക് സിമന്‍റിന് നിലവില്‍ ശരാശരി 480 രൂപയായി.  

ജൂണ്‍ ഒന്ന് മുതല്‍ 30 രൂപ കൂടി വീണ്ടും ഒരു ചാക്ക് സിമന്‍റിന് കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. ഇതോടെ ആദ്യമായി 50 കിലോ ഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന്‍റെ വില അഞ്ഞൂറ് രൂപക്ക് മുകളിലെത്തും. ഇത് നിര്‍മ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും എന്നാണ് ആശങ്ക.