നിപ വൈറസ്; മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

nipa
 

കോഴിക്കോട്: നിപ ബാധിച്ച് 12കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്ത് കേന്ദ്രം. കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. 

മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദര്‍ശിച്ചിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍ നിന്നുള്ള സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിവിധ സാമ്പിളുകളും പരിശോധിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചത്.

കോഴിക്കോടിന് തൊട്ടടുത്തുളള്ള ജില്ലകളായ മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണം. രോഗികളുമായി പ്രൈമറി കോണ്ടാക്ട് ഉള്ളവരെയും സെക്കന്‍ഡറി കോണ്ടാക്ട് ഉള്ളവരെയും ജില്ലാ അതോറിറ്റി കണ്ടെത്തുകയും ഇവരെ ലോ റിസ്‌ക് കാറ്റഗറി, ഹൈ റിസ്‌ക് കാറ്റഗറി റിസ്‌ക് എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കുകയും വേണം.

ആന്റി ബോഡി മരുന്നായ റിബാവെറിന്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.  നിപാ വൈറസ് ചികിത്സാ ആവശ്യത്തിനായുള്ള ആന്റിബോഡിയുടെ സാധ്യതകളെക്കുറിച്ച് ഐസിഎംആര്‍ പഠിച്ചു വരികയാണെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്റിന്റെ ഘടന.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി.അതാത് ആശുപുത്രികളിലെ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പിന്തുടരണം.

പ്രതിരോധം, പരിശോധന രോഗീ പരിചരണം എന്നിവയാണ് പ്രധാനം. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്ബര്‍ക്കപട്ടികയും ക്വാറന്റൈനും ഉറപ്പാക്കണം. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തണം . ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ്തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും.