സിൽവർ ലൈനിന് കേന്ദ്രാനുമതി; ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ പബ്ലിക് ഹിയറിങ് നടത്തും: മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സ്ഥലമെടുപ്പുമായി മുന്നോട്ടുപോകാന്‍ കേന്ദ്രാനുമതി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ പബ്ലിക് ഹിയറിങ് നടത്തും. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളായ ജൈക്ക ഉള്‍പ്പടെ സാമ്പത്തിക സഹായത്തിനായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് ‘ചിന്ത’വാരികയിലെ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. 

എ ഐ ഐ ബി,കെ എഫ് ഡബ്ള്യുബി,എ ഡി ബി എന്നിവയുമായി ചർച്ച പൂർത്തിയാക്കി. വായ്പയ്ക്ക് നീതി അയോഗിന്റേയും കേന്ദ്ര-ധന റെയിൽ മന്ത്രാലയങ്ങളുടെയും അംഗീകാരമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 63,941 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 6085 കോടി രൂപ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കേണ്ട നികുതി ഒഴിവാണ്. 975 കോടി രൂപ റെയില്‍വെ ഭൂമിയുടെ വിലയാണ്.

ഇതിന് പുറമെ 2150 കോടി രൂപയാണ് കേന്ദ്ര റെയില്‍വെ വിഹിതം. സംസ്ഥാന സര്‍ക്കാര്‍ 3225 കോടി രൂപയാണ് വഹിക്കുക. 4,252 കോടി രൂപ പൊതുജന ഓഹരി പങ്കാളിത്തത്തിലൂടെ സമാഹരിക്കും. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. ഇതില്‍ 1,198 ഹെക്ടര്‍ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.

കിഫ്ബി വഴി 2,100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. സാമൂഹ്യപ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പദ്ധതിക്കുള്ള അലൈൻമെന്‍റ് നിശ്ചയിച്ചിരിക്കുന്നത്. ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് പാതയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 115 കി.മി പാടശേഖരങ്ങളില്‍ 88 കി.മി ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ പാലങ്ങളും കല്‍വെര്‍ട്ടുകളും നിര്‍മ്മിക്കുന്നതാണ്.

ഒരു ഹെക്ടറിന് ഏകദേശം 9 കോടി രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരിക്കുന്നു. പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. 13,265 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1,730 കോടി രൂപ പുനരധിവാസത്തിനും 4,460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനുമാണ് നീക്കിവെച്ചിരിക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുന്നത്.

നിര്‍ദ്ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതിയെ തകര്‍ക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തല സൗകര്യ വികസനപദ്ധതികള്‍ക്കായി കടമെടുക്കാത്ത ഒരു സര്‍ക്കാരും ലോകത്ത് എവിടെയും ഇല്ല. പശ്ചാത്തലസൗകര്യ വികസനം സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതൊടൊപ്പം വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്.

സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്സ്, സാങ്കേതിക ടൂറിസം മേഖലകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. പദ്ധതിക്കായുള്ള വിശദമായ പ്രോജക്ട് റിപ്പോര്ട്ട് SYSTRA എന്ന ഏജന്‍സിയാണ് തയ്യാറാക്കിയിട്ടുള്ളത്. ലോകത്തില്‍ ഏറ്റവും സുരക്ഷിതവും സുഖപ്രദവും അന്തരീക്ഷ മലിനീകരണം കുറഞ്ഞതുമായ ഗതാഗത സംവിധാനമാണ് റെയില്‍വെ.

അതുകൊണ്ടുതന്നെയാണ് റെയില്‍വെ പദ്ധതിക്ക് Mo-EFFE യുടെ ഗൈഡ്ലൈന്‍ പ്രകാരം പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ലാത്തത്. എന്നിരുന്നാലും പരിസ്ഥിതി ആഘാത പഠനം സെന്‍റര്‍ ഫോര്‍ എന്‍വയോന്മെന്‍റ് ആന്‍റ് ഡവലപ്പ്മെന്‍റ് മുഖേന നടത്തിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും കേള്‍ക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും പബ്ലിക് ഹിയറിംഗ് നടത്തുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി ഭൂമി ഏറ്റെടുക്കൽ ആരംഭിക്കാൻ സമയം ആയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ സഹ മന്ത്രി റാവു സാഹിബ്‌ പട്ടീൽ ദാൻവേ നേരത്തെ അറിയിച്ചിരുന്നു. കെ മുരളീധരൻ എംപി പാർലിമെന്റിൽ ശൂന്യ വേളയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രസ്താവന.