കെ സുരേന്ദ്രനെ അതൃപ്തിയറിയിച്ച് കേന്ദ്ര നേതൃത്വം; കേരളത്തിൽ തൽക്കാലം നേതൃമാറ്റമില്ല

k sure

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ ബിജെപി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുന്നതിൽ കെ സുരേന്ദ്രൻ പരായജപ്പെട്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് പാരാജയത്തെക്കാളും മോശമായ സാഹചര്യമാണ് കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ നിലയെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. സംസ്ഥാനത്തെ സംഘടനാപരമായ വിഷയങ്ങളിൽ കടുത്ത അതൃപ്തിയാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കുവച്ചത്. മുതിർന്ന നേതാക്കളെ ഇത്രയും ശത്രുതയോടെ സമീപിക്കുന്ന രീതി ഒരു രാഷ്രീയനേതാവിനും യോജിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ ഒരു ഗ്രൂപ്പിന്റെ നേതാവിനെ പോലെ പ്രവർത്തിച്ചതിലെ അതൃപ്തിയും ജെ പി നദ്ദ വ്യക്തമാക്കി. 

അതേസമയം, വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം അറിയിച്ചു. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. 

കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ വലിയ പരാതികളാണ് ദേശീയ നേതൃത്വത്തിന് കിട്ടിയിരിക്കുന്നത്. ദേശീയ നേതൃത്വം അതിൽ അതൃപ്തരാണ്. ദേശീയ നേതൃത്വത്തിന്റെ നിലപാട് മയപ്പെടുത്തുന്നതിനാണ് സുരേന്ദ്രൻ ഡല്‍ഹിയിലെത്തിയത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി ന‌ദ്ദയുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ അതൃപ്തി നദ്ദ സുരേന്ദ്രനെ അറിയിച്ചത്. 

രാഷ്ട്രീയ ആക്രമണങ്ങളെ അതേരീതിയിൽ പ്രതിരോധിക്കാനുള്ള അനുമതിയും ജെ പി നദ്ദ നൽകിയിട്ടുണ്ട്. തല്ക്കാലം നേതൃമാറ്റം ഉണ്ടാകില്ലെങ്കിലും സംഘടനാപരമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം. ​ഗൗരവമായ തിരുത്തൽ കേരളത്തിൽ വേണമെന്ന നിർദ്ദേശവും കേന്ദ്രനേതൃത്വം മുന്നോട്ട് വെക്കുന്നുണ്ട്. 

എന്നാൽ, കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി ആനന്ദ ബോസ് റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ചാനല്‍ ചര്‍ച്ചകളില്‍ ഒതുങ്ങാതെ നേതാക്കള്‍ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും പ്രധാനമന്ത്രിയുടെ ഒാഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.