സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

rain

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനക്കും. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ ഇന്നും തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ നാളെയും മഴമുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും ബുധനാഴ്ച 6 ജില്ലകളിലും, വ്യാഴാഴ്ച 5 ജില്ലകളിലും, വെള്ളിയാഴ്ച 4 ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പ് നൽകി.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കുകയും മുന്നൊരുക്കം നടത്താനും നിർദേശം നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ബുധനാഴ്ച്ചയോടെബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.